സ്‌പെയിനിനു പിന്നാലെ സ്വിസർലാൻഡും; യുഎസും ഇസ്രയേലും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചു, യുദ്ധത്തിൽ നിന്ന് പിന്മാറണം
മാഡ്രിഡ് : ഇറാനെ ആക്രമിക്കുന്നതിലൂടെ അമേരിക്കയും ഇസ്രായിലും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചെന്ന് സ്വിറ്റ്‌സർലന്റ് പ്രതിരോധ മന്ത്രി മാർട്ടിൻ പിസ്റ്റർ. ഞായറാഴ്ച നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിനെതിരെ യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡും രംഗത്ത് വന്നിരിക്കുകയാണ്.
ഇറാനെതിരെ നടത്തുന്ന വ്യോമാക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന് നിരക്കാത്തതുമാണെന്ന് സ്വിസ് ഫെഡറൽ കൗൺസിൽ വിലയിരുത്തുന്നു. ഇതോടൊപ്പം പ്രത്യാക്രമണം നടത്തിയ ഇറാനും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നുണ്ടെന്ന് മാർട്ടിൻ കൂട്ടിച്ചേർത്തു. സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനായി എല്ലാ രാജ്യങ്ങളും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും സ്വിറ്റ്‌സർലാൻഡ് ആവശ്യപ്പെട്ടു. ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ രംഗത്ത് വന്നിരുന്നു