02/04/2026
[fontresizer_tawhidurrahmandear_widget]

മീൻപിടിത്ത ബോട്ട് ഇടിച്ചുതകർത്ത പനാമ കപ്പൽ കസ്റ്റഡിയിൽ; വിഴിഞ്ഞം പുറംകടലിലെത്തിച്ചു

 മീൻപിടിത്ത ബോട്ട് ഇടിച്ചുതകർത്ത പനാമ കപ്പൽ കസ്റ്റഡിയിൽ; വിഴിഞ്ഞം പുറംകടലിലെത്തിച്ചു

വിഴിഞ്ഞം: നീണ്ടകരയിൽനിന്നു പോയ മീൻപിടിത്ത ബോട്ട് ഇടിച്ചുതകർത്ത പനാമ എണ്ണക്കപ്പൽ ‘എം.ടി സോളിസ്’ ഡി.ജി ഷിപ്പിങ് അധികൃതർ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് കന്യാകുമാരിയിലെ മുട്ടം തുറമുഖത്തിന് 57 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. കോസ്റ്റ്ഗാർഡിന്റെ ‘അനഘ്’ എന്ന കപ്പൽ തടഞ്ഞുവെച്ച എം.ടി സോളിസിനെ ഇന്നലെ ഉച്ചയോടെ വിഴിഞ്ഞം പുറംകടലിലെത്തിച്ചു.

കൊല്ലം മരുത്തടി സ്വദേശി രാജേഷ് മാത്യുവിന്റെ ‘സെയ്ന്റ് ജോസഫ്’ എന്ന ട്രോളിങ് ബോട്ടാണ് കപ്പലിടിച്ച് തകർന്ന് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒൻപതുപേരെ കപ്പൽ ജീവനക്കാർ തന്നെ രക്ഷപ്പെടുത്തിയെങ്കിലും, കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടം നടന്നത് അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപത്താണെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചിയിൽനിന്നെത്തിയ ഡി.ജി ഷിപ്പിങ് ചീഫ് സർവേയറുടെ നേതൃത്വത്തിലുള്ള സംഘം കപ്പലിൽ പ്രാഥമിക പരിശോധന നടത്തി. ഇന്ന് മുംബൈയിൽനിന്നുള്ള എംഎംഡി (മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റ്) അധികൃതരെത്തി ക്യാപ്റ്റൻ ഉൾപ്പെടെയുള്ള 20 ജീവനക്കാരിൽനിന്ന് മൊഴിയെടുക്കും. നിലവിൽ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് കേസെടുത്തിട്ടുണ്ടെങ്കിലും, അപകടം നടന്ന പരിധി കണക്കിലെടുത്ത് കേസ് തുടർനടപടികൾക്കായി തമിഴ്‌നാട്ടിലേക്ക് കൈമാറും.

Also read: