ആലിൻ്റെ കരൾ തുടിപ്പുമായി ആറുമാസക്കാരി ധ്രിയ ജീവിതത്തിലേക്ക്; അതിസങ്കീർണ്ണ ശസ്ത്രക്രിയ വിജയം
തിരുവനന്തപുരം: ജന്മനാ ബാധിച്ച മാരകമായ കരൾരോഗത്തെ അതിജീവിച്ച് ആറുമാസം പ്രായമുള്ള ധ്രിയ എന്ന കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന അതീവ സങ്കീർണ്ണമായ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെയാണ് ധ്രിയയ്ക്ക് പുതുജീവൻ ലഭിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിനിൽ നിന്നാണ് കുഞ്ഞ് കരൾ സ്വീകരിച്ചത്.
പിത്തനാളികളിലെ തടസ്സം മൂലം കരളിനെ ബാധിക്കുന്ന ‘ബിലിയറി അത്രേസിയ’ എന്ന രോഗമായിരുന്നു ധ്രിയയ്ക്ക്. മറ്റൊരു ആശുപത്രിയിൽ വെച്ച് ‘കസായ്’ ശസ്ത്രക്രിയയ്ക്ക് വിധേയയായെങ്കിലും കുഞ്ഞിൻ്റെ ആരോഗ്യനില വഷളാവുകയും തുടർന്ന് കിംസ്ഹെൽത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെയാണ് ശസ്ത്രക്രിയയ്ക്ക് വഴിയൊരുങ്ങിയത്.
മൾട്ടിവിസറൽ ട്രാൻസ്‌പ്ലാൻ്റ് വിഭാഗം മേധാവി ഡോ. ഷിറാസ് അഹമ്മദ് റാഥർ, ഡോ. ഷബീറലി ടി.യു എന്നിവരുടെ നേതൃത്വത്തിൽ 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ദാതാവിൻ്റെയും സ്വീകർത്താവിൻ്റെയും പ്രായം കണക്കിലെടുക്കുമ്പോൾ ഡോക്ടർമാർക്ക് ഇത് വലിയൊരു വെല്ലുവിളിയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ദ്ധ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും 24 മണിക്കൂർ നീണ്ട ജാഗ്രതയോടെയുള്ള പരിചരണമാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ധ്രിയയുടെ കരളിൻ്റെ പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.