റിപ്പോർട്ടർ ചാനലിന്റെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ
കൊച്ചി: റിപ്പോർട്ടർ ടിവിയുടെ സുരക്ഷാ ക്ലിയറൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. ചാനലിന്റെ ലൈസൻസ് കൈമാറ്റത്തിലെ നിയമസാധുത ചോദ്യം ചെയ്ത് ട്വന്റി-20 ചീഫ് സാബു എം. ജേക്കബ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ ഈ വിവരം കേരള ഹൈക്കോടതിയെ അറിയിച്ചത്. ചാനൽ നിലവിൽ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമായാണെന്ന ഹർജിക്കാരന്റെ വാദങ്ങൾ ശരിവെക്കുന്ന രീതിയിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
ചാനലിന്റെ ലൈസൻസ് ഉടമകൾക്ക് നൽകിയിരുന്ന സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയെ വാക്കാൽ ബോധിപ്പിച്ചു. നിലവിലുള്ള മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ് ചാനലിന്റെ ലൈസൻസ് കൈമാറ്റം ചെയ്യപ്പെട്ടതെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. നിലവിലെ ഡയറക്ടർ ബോർഡിന് ചാനൽ നടത്തുന്നതിനോ ലൈസൻസ് ഉപയോഗിക്കുന്നതിനോ നിയമപരമായ അവകാശമില്ലെന്നും സാബു എം. ജേക്കബ് കോടതിയിൽ വാദിച്ചു.
വിഷയത്തിൽ ലൈസൻസ് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കോടതിയെ അറിയിച്ചു. രണ്ട് മാസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ചാനൽ മാനേജ്മെന്റ് നൽകുന്ന വിശദീകരണം കൃത്യമായി പരിശോധിച്ച ശേഷം നിയമപരമായ തുടർ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ചാനലിന്റെ സംപ്രേഷണത്തെയും ഭാവി പ്രവർത്തനങ്ങളെയും ബാധിക്കുന്ന സുപ്രധാന നീക്കമായാണ് ഈ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിക്കൽ വിലയിരുത്തപ്പെടുന്നത്.