29/03/2026
[fontresizer_tawhidurrahmandear_widget]

‘സിസ്റ്റം ശരിയല്ല, എന്റെ കാൽ പോയി’: ചികിത്സാപ്പിഴവെന്ന് പരാതിയുമായി യുവാവ്

 ‘സിസ്റ്റം ശരിയല്ല, എന്റെ കാൽ പോയി’: ചികിത്സാപ്പിഴവെന്ന് പരാതിയുമായി യുവാവ്

പത്തനംതിട്ട: ചികിത്സയിലെ അനാസ്ഥയെത്തുടർന്ന് യുവാവിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. കലഞ്ഞൂർ സ്വദേശിയായ അഭിമന്യു (30) ആണ് കോട്ടയം മെഡിക്കൽ കോളജിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന അഭിമന്യുവിന് കഴിഞ്ഞ ഡിസംബറിലുണ്ടായ വീഴ്ചയിലാണ് കാലിന് പരിക്കേറ്റത്.

ആദ്യം കോന്നി മെഡിക്കൽ കോളജിൽ ചികിത്സ തേടിയ അഭിമന്യുവിനെ, അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാലാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. എന്നാൽ അവിടെ എത്തിയപ്പോൾ ചികിത്സാ നടപടികളിൽ വലിയ വീഴ്ചയുണ്ടായെന്നാണ് യുവാവ് ആരോപിക്കുന്നത്. ഡിസംബർ 25, 26 തീയതികളിൽ സ്ട്രെക്‌ചറിൽ തന്നെ കിടത്തിയെന്നും വേദനസംഹാരികൾ പോലും നൽകിയില്ലെന്നും ഇദ്ദേഹം പറയുന്നു.

കാലിൽ പഴുപ്പുള്ള അവസ്ഥയിലാണ് ഡിസംബർ 31-ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടതെന്ന് അഭിമന്യു ചൂണ്ടിക്കാട്ടുന്നു. പിന്നീട് സ്കാനിങ്ങിൽ ഞരമ്പിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമത്തെ കാലിൽനിന്ന് ഞരമ്പ് എടുത്ത് ഘടിപ്പിച്ചു. ഇതോടെ കാലിന്റെ സ്പർശനശേഷി പൂർണമായും നഷ്ടമായി. തുടർന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം പുതുവത്സര ദിനത്തിലാണ് യുവാവിന്റെ കാൽ മുറിച്ചുമാറ്റിയത്.

ഒരു വർഷം മുൻപ് പിതാവ് മരിച്ച അഭിമന്യുവിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ശസ്ത്രക്രിയയെത്തുടർന്ന് യുവാവ് കിടപ്പിലായതോടെ ഭാര്യയും മകനുമടങ്ങുന്ന കുടുംബം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവിലെ ആരോഗ്യസംവിധാനങ്ങളിലെ പോരായ്മയാണ് തന്റെ ജീവിതം തകർത്തതെന്നാണ് അഭിമന്യുവിന്റെ പരാതി.

Also read: