ഇസ്ഫഹാനിൽ അമേരിക്കയുടെ 900 കിലോയുള്ള ബങ്കർ ബസ്റ്റർ ബോംബാക്രമണം; വീഡിയോ പുറത്തുവിട്ട് ട്രംപ്
തെഹ്‌റാൻ: ഇസ്ഫഹാനിൽ അതിശക്തമായ വ്യോമാക്രമണം നടത്തി അമേരിക്ക. ഇന്ന് പുലർച്ചെ ബങ്കർ ബസ്റ്റർ എന്ന് വിളിക്കുന്ന 900 കിലോയോളം ഭാരമുള്ള ബോംബുകൾ ഉപയോഗിച്ചാണ് യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഭൂമിക്കടിയിലുള്ള കട്ടിയുള്ള കോൺക്രീറ്റ് പാളികൾ തകർത്ത് ഉള്ളിലേക്ക് കടന്നുചെന്ന് സ്‌ഫോടനം നടത്താൻ ശേഷിയുള്ളതാണ് ഈ ബോംബുകൾ. ഇസ്ഫഹാനിലെ ഇറാന്റെ പ്രധാന ആയുധപ്പുരകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സ്‌ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ടു.
ഇറാന്റെ സുപ്രധാനമായ ബദർ എയർബേസിന് സമീപമാണ് ഈ സ്‌ഫോടനങ്ങൾ നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാന്റെ ആണവ പരീക്ഷണങ്ങൾക്കായി സൂക്ഷിച്ചിരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇസ്ഫഹാനിലെ ഭൂഗർഭ നിലവറകളിലേക്ക് മാറ്റിയതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. ഇത് നശിപ്പിക്കുക എന്നതായിരുന്നു ഈ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കരുതപ്പെടുന്നു.
ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി ആരംഭിച്ച യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ മേഖലയിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വൻ തീപിടുത്തവും തുടർ സ്‌ഫോടനങ്ങളും ഉണ്ടായി. യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര തലത്തിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സൈനിക ശേഷിയെ പൂർണ്ണമായും തകർക്കുമെന്ന ഉറച്ച നിലപാടിലാണ് അമേരിക്കയും സഖ്യകക്ഷിയായ ഇസ്രയേലും. ഈ നീക്കം മിഡിലീസ്റ്റിലെ രാഷ്ട്രീയ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയും ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്ക പടർത്തുകയും ചെയ്തിരിക്കുകയാണ്.