03/04/2026
[fontresizer_tawhidurrahmandear_widget]

’സമൂസയെ കുറിച്ചുള്ള ചോദ്യം നിർത്തി ബിജെപിയോട് നേർക്കുനേർ ചോദ്യങ്ങൾ ഉയർത്തൂ’- രാഘവ് ഛദ്ദയോട് എഎപി

 ’സമൂസയെ കുറിച്ചുള്ള ചോദ്യം നിർത്തി ബിജെപിയോട് നേർക്കുനേർ ചോദ്യങ്ങൾ ഉയർത്തൂ’- രാഘവ് ഛദ്ദയോട് എഎപി

ന്യൂഡൽഹി: പാർലമെന്റിൽ ജനകീയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ നേരിടുന്നതിന് പകരം ‘സോഫ്റ്റ് പിആർ’ തന്ത്രങ്ങളുമായി സമയം കളയുകയാണെന്ന് രാഘവ് ഛദ്ദക്കെതിരെ ആം ആദ്മി പാർട്ടിയിൽ വിമർശനം. രാജ്യസഭയിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ് ഛദ്ദക്കെതിരെ രംഗത്തെത്തിയത്. പാർലമെന്റിലെ വിലപ്പെട്ട സമയം സമോസയെക്കുറിച്ച് സംസാരിക്കാനല്ല, മറിച്ച് ബിജെപി സർക്കാരിനെ ഭയമില്ലാതെ ചോദ്യം ചെയ്യാനാണ് ഉപയോഗിക്കേണ്ടതെന്ന് ഭരദ്വാജ് ഓർമിപ്പിച്ചു.

രാജ്യസഭാ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ രാഘവ് ഛദ്ദ പുറത്തുവിട്ട വീഡിയോ സന്ദേശത്തിന് മറുപടിയായാണ് സൗരഭ് ഭരദ്വാജിന്റെ പ്രതികരണം. പാർലമെന്റിൽ പ്രധാനപ്പെട്ട ദേശീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിന് പകരം മൃദുവായ നിലപാടാണ് ഛദ്ദ സ്വീകരിക്കുന്നത്. പ്രതിപക്ഷ സഖ്യം നടത്തുന്ന പ്രതിഷേധങ്ങളിൽ നിന്നോ വാക്കൗട്ടുകളിൽ നിന്നോ അദ്ദേഹം പലപ്പോഴും വിട്ടുനിൽക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയങ്ങളിൽ ഒപ്പിടാൻ പോലും ഛദ്ദ തയ്യാറായില്ലെന്നും ഭരദ്വാജ് കുറ്റപ്പെടുത്തി.

“നമ്മളെല്ലാം അരവിന്ദ് കെജ്‌രിവാളിന്റെ പടയാളികളാണ്. ഭയപ്പെടുന്നവൻ മരിച്ചതിന് തുല്യനാണെന്നാണ് അദ്ദേഹം നമ്മളെ പഠിപ്പിച്ചത്. എന്നാൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന നിങ്ങൾ അവിടുത്തെ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാൻ ഭയപ്പെടുകയാണ്. കേന്ദ്ര സർക്കാരിന്റെ കണ്ണിൽ നോക്കി ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം സമോസയെക്കുറിച്ച് സംസാരിച്ച് സമയം കളയരുത്,” ഭരദ്വാജ് വീഡിയോയിൽ പറഞ്ഞു.

പാർട്ടി പ്രതിസന്ധിയിലായിരുന്ന ഘട്ടങ്ങളിൽ ഛദ്ദയുടെ അഭാവത്തെയും ഭരദ്വാജ് ചോദ്യം ചെയ്തു. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ജയിലിലായപ്പോൾ രാഘവ് ഛദ്ദ രാജ്യത്തുപോലും ഉണ്ടായിരുന്നില്ലെന്നും ഒളിവിൽ കഴിയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അനുകൂല പ്രൊഫൈലുകൾ ഇപ്പോൾ ഛദ്ദയെ പിന്തുണയ്ക്കുന്നത് ഗൗരവമായി കാണണമെന്നും, താൻ എവിടെ നിന്നാണ് തുടങ്ങിയതെന്നും ഇപ്പോൾ എവിടെ എത്തി നിൽക്കുന്നുവെന്നും അദ്ദേഹം ആത്മപരിശോധന നടത്തണമെന്നും ഭരദ്വാജ് ആവശ്യപ്പെട്ടു. ഛദ്ദയ്ക്ക് പകരം അശോക് മിത്തലിനെയാണ് എഎപി രാജ്യസഭയിലെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിച്ചിരിക്കുന്നത്.

Also read: