കൊച്ചിയിൽ വേനൽമഴയിൽ വ്യാപക നാശനഷ്ടം; കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കനത്ത ചൂടിന് ആശ്വാസമായെത്തിയ വേനൽമഴ എറണാകുളം ജില്ലയിൽ വിതച്ചത് വൻ നാശനഷ്ടങ്ങൾ. മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാറ്ററിങ് ജോലിക്ക് ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ 17 വയസുകാരായ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അശ്വിന്റെ മൃതദേഹം അപകടം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് തന്നെ കണ്ടെടുത്തു. കാണാതായ ക്രിസിനായി ഫയർഫോഴ്സും സ്കൂബ ടീമും തിരച്ചിൽ തുടരുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. ആലുവ എടക്കാട്ടിൽ ക്ഷേത്രമുറ്റത്തെ 200 വർഷം പഴക്കമുള്ള ആൽമരം കെട്ടിടത്തിനും കാറിനും മുകളിലേക്ക് മറിഞ്ഞുവീണ് വൻ നാശനഷ്ടമുണ്ടായി. അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ റബർ, കൊക്കോ, ജാതി ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചു.
പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും തടസ്സപ്പെട്ടു. വീടുകൾക്കും വാഹനങ്ങൾക്കും മുകളിലേക്ക് മരങ്ങൾ വീണും വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കാക്കാൻ റെവന്യൂ അധികൃതർ വരുംദിവസങ്ങളിൽ പരിശോധന നടത്തും.