കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ മുരിങ്ങ; രാസവസ്തുക്കളെക്കാൾ ഫലപ്രദമെന്ന് പഠനം
കുടിവെള്ളത്തിലെ പ്രധാന വെല്ലുവിളിയായ മൈക്രോപ്ലാസ്റ്റിക്കുകളെ നീക്കം ചെയ്യാൻ പ്രകൃതിദത്ത മാർഗമായ മുരിങ്ങ വിത്തുകൾക്ക് കഴിയുമെന്ന് പുതിയ പഠനം. നിലവിൽ ജലശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന അലുമിനിയം സൾഫേറ്റ് പോലുള്ള രാസവസ്തുക്കളെക്കാൾ മികച്ച രീതിയിൽ മുരിങ്ങ വിത്തുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രസീലിലെ സാവോ പോളോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ശാസ്ത്ര ജേണലായ ‘എസിഎസ് ഒമേഗ’യിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുടിവെള്ളത്തിൽ കലർന്നിരിക്കുന്ന പ്ലാസ്റ്റിക് കണികകളിൽ 98 ശതമാനവും നീക്കം ചെയ്യാൻ മുരിങ്ങ വിത്തിലെ സത്തയ്ക്ക് സാധിക്കും. പ്രത്യേകിച്ച് മനുഷ്യ ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്ന പിവിസി (PVC) മൈക്രോപ്ലാസ്റ്റിക്കുകളെ ഫിൽട്ടർ ചെയ്യുന്നതിൽ മുരിങ്ങ വിത്തുകൾ വിസ്മയകരമായ ഫലമാണ് നൽകുന്നത്. നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലടക്കം ഉപയോഗിക്കുന്ന അലുമിനിയം സൾഫേറ്റ് ദീർഘകാലാടിസ്ഥാനത്തിൽ അൽഷിമേഴ്സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് മുരിങ്ങ എന്ന സുരക്ഷിത ബദൽ ശ്രദ്ധേയമാകുന്നത്.
വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് കണികകൾക്ക് നെഗറ്റീവ് വൈദ്യുത ചാർജാണുള്ളത്. ഇത് കണികകൾ പരസ്പരം അകന്നുനിൽക്കാനും ഫിൽട്ടറുകളിൽ നിന്ന് വഴുതിപ്പോകാനും കാരണമാകുന്നു. മുരിങ്ങ വിത്തിലെ ഉപ്പ് സത്ത് ഈ ചാർജിനെ നിർവീര്യമാക്കുകയും കണികകളെ ഒന്നിച്ച് ചേർത്ത് വലിയ കൂട്ടങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. തുടർന്ന് മണൽ ഫിൽട്ടറുകൾ ഉപയോഗിച്ച് ഇവയെ എളുപ്പത്തിൽ നീക്കം ചെയ്യാം. രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ വെള്ളത്തിലെ പിഎച്ച് വ്യതിയാനം ഫലപ്രാപ്തിയെ ബാധിക്കാറുണ്ടെങ്കിലും മുരിങ്ങയുടെ കാര്യത്തിൽ ഇത് കൂടുതൽ സ്ഥിരതയുള്ളതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ആലം ഉൽപ്പാദനം വനനശീകരണത്തിനും ആഗോളതാപനത്തിനും കാരണമാകുമ്പോൾ, മുരിങ്ങ കൃഷി പരിസ്ഥിതിക്ക് ഗുണകരമാണ്. കുറഞ്ഞ ജലവും വരൾച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയുമുള്ള മുരിങ്ങ, വായുവിലെ കാർബണിനെ ആഗിരണം ചെയ്യാനും മണ്ണിന്റെ ഗുണനിലവാരം വർധിപ്പിക്കാനും സഹായിക്കുന്നു.
വൻകിട പ്ലാന്റുകളിൽ ജൈവ കാർബണിന്റെ സാന്നിധ്യം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെങ്കിലും, ഗ്രാമീണ മേഖലകളിലും ചെറിയ സമൂഹങ്ങളിലും കുറഞ്ഞ ചെലവിൽ ജലം ശുദ്ധീകരിക്കാൻ മുരിങ്ങ വിത്തുകൾ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. പുരാതന ഈജിപ്തുകാർ ജലം ശുദ്ധീകരിക്കാൻ മുരിങ്ങ ഉപയോഗിച്ചിരുന്നതായി ചരിത്രരേഖകൾ സൂചിപ്പിക്കുന്നുണ്ട്. ഈ പുരാതന സാങ്കേതികവിദ്യ ആധുനിക കാലത്തെ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള ശാശ്വത പരിഹാരമായി മാറുകയാണ്.