എൻട്രൻസ് പരീക്ഷയ്ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു; കർണാടകയിൽ മൂന്നു ജീവനക്കാർക്ക് സസ്പെൻഷൻ
ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ മൂന്ന് കോളേജ് ജീവനക്കാർക്കെതിരെ കർശന നടപടി. ബെംഗളൂരു കോറമംഗലയിലെ കൃപാനിധി പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാരായ സുദേവീർ ഡി, എ സരിത, ഗിരിജ എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഇവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 23-ന് ഫിസിക്സ് പരീക്ഷ എഴുതാനെത്തിയ മൂന്ന് വിദ്യാർത്ഥികളെയാണ് പരിശോധനയുടെ പേരിൽ ജീവനക്കാർ തടഞ്ഞുവെച്ചത്. പൂണൂൽ നീക്കം ചെയ്യാതെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു. തുടർന്ന് പരീക്ഷ മുടങ്ങാതിരിക്കാൻ വിദ്യാർത്ഥികൾക്ക് പൂണൂൽ അഴിച്ചുമാറ്റേണ്ടി വന്നു. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികളും മാതാപിതാക്കളും പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ ജി പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മനഃപൂർവമാണെന്ന് സമിതി കണ്ടെത്തി. പരീക്ഷാ ഡ്രസ് കോഡിനെക്കുറിച്ച് ജീവനക്കാർക്ക് കൃത്യമായ പരിശീലനം നൽകിയിരുന്നുവെന്നും, മറ്റ് 700 കേന്ദ്രങ്ങളിൽ എങ്ങും ഇത്തരമൊരു പരാതി ഉയർന്നിട്ടില്ലെന്നും ഡിസി വ്യക്തമാക്കി.
ഗുരുതരമായ സുരക്ഷാ വീഴ്ചയും വിവേചനവും കണക്കിലെടുത്ത് കൃപാനിധി കോളേജിനെ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ കർണാടക പരീക്ഷാ അതോറിറ്റിയോട് (കെഇഎ) സമിതി ശുപാർശ ചെയ്തു.