04/09/2026
[fontresizer_tawhidurrahmandear_widget]

മാഞ്ചസ്റ്ററിലെ റൂഫ് ടോപ് ബാറിൽ വെള്ളമടിച്ച് ബോധം കെട്ട് മുൻ സിറ്റി താരം ജാക്ക് ഗ്രീലിഷ്; വെറുതെയല്ല പെപ് ടീമിൽ നിന്ന് പുറത്തിട്ടതെന്ന് ആരാധകർ

 മാഞ്ചസ്റ്ററിലെ റൂഫ് ടോപ് ബാറിൽ വെള്ളമടിച്ച് ബോധം കെട്ട് മുൻ സിറ്റി താരം ജാക്ക് ഗ്രീലിഷ്; വെറുതെയല്ല പെപ് ടീമിൽ നിന്ന് പുറത്തിട്ടതെന്ന് ആരാധകർ

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ സിറ്റിയുടെ മുൻ സൂപ്പർ താരം ജാക്ക് ഗ്രീലിഷ് വീണ്ടും വിവാദങ്ങളുടെ നടുവിൽ. മാഞ്ചസ്റ്ററിലെ ഒരു പ്രശസ്തമായ റൂഫ് ടോപ്പ് ബാറിൽ മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാത്ത അവസ്ഥയിൽ താരത്തെ കണ്ടെത്തിയതാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.

പരിക്കിൽ നിന്ന് മോചിതനായി കായികക്ഷമത വീണ്ടെടുക്കേണ്ട സമയത്ത്, ഉത്തരവാദിത്തമില്ലാതെ പാർട്ടികളിൽ മുഴുകുന്ന ഗ്രീലിഷിന്റെ ദൃശ്യങ്ങൾ ആരാധകർ തന്നെയാണ് പുറത്തുവിട്ടത്. മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള എന്തുകൊണ്ടാണ് താരത്തെ ടീമിൽ നിന്ന് പുറത്താക്കിയതെന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നാണ് ഫുട്ബോൾ ലോകത്തെ സംസാരം.

ഏതാനും മാസങ്ങൾക്ക് മുൻപ് സുഹൃത്തുക്കൾക്കായി ഒരു സ്ട്രിപ്പ് ക്ലബ്ബിൽ ലക്ഷങ്ങൾ ചിലവാക്കി പാർട്ടി നടത്തിയ ഗ്രീലിഷ്, തന്റെ പഴയ ശീലങ്ങൾ മാറ്റാൻ തയ്യാറല്ലെന്ന് പുതിയ സംഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ബാറിൽ വെച്ച് അമിതമായി മദ്യപിച്ച താരം എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും സുഹൃത്തുക്കൾ താങ്ങിപ്പിടിച്ചാണ് താരത്തെ വാഹനത്തിൽ കയറ്റിയതെന്നും ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. കരിയറിലെ ഏറ്റവും നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഗ്രീലിഷ് പുലർത്തുന്ന ഈ അച്ചടക്കമില്ലായ്മ വലിയ വിമർശനങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്.

താരത്തിന്റെ അമിതമായ മദ്യപാന ശീലവും പ്രൊഫഷണലിസമില്ലാത്ത പെരുമാറ്റവുമാണ് സിറ്റിയിൽ അദ്ദേഹത്തിന് തിരിച്ചടിയായതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഗ്വാർഡിയോളയുടെ കീഴിൽ അച്ചടക്കത്തിന് വലിയ പ്രാധാന്യമുള്ളതിനാൽ ഗ്രീലിഷിനെ പോലുള്ള ഒരു താരത്തിന് അവിടെ അധികകാലം തുടരാനാകില്ലെന്ന് നേരത്തെ തന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ലൺ അടിസ്ഥാനത്തിൽ പ്രീമിയർ ലീ​ഗിലെ തന്നെ ക്ലബായ എവർട്ടണിലാണ് താരം നിലവിൽ കളിക്കുന്നത്. ജൂണോടു കൂടി എവർട്ടണുമായുള്ള ലോൺ കാലാവധി തീരുന്നതോടെ താരത്തിന്റെ ഭാവി എന്താകുമെന്നാണ് ആരാധകർ ഉയർത്തുന്ന ചോദ്യം. പരിക്കിന്റെ പിടിയിൽ നിന്ന് മുക്തനായി പരിശീലനത്തിലേക്ക് മടങ്ങേണ്ട ​ഗ്രീലിഷ്, പകരം ആഘോഷങ്ങൾക്ക് മുൻഗണന നൽകുന്നത് തന്റെ കരിയർ തന്നെ അപകടത്തിലേക്ക് കൊണ്ടെത്തിക്കുന്ന നടപടിയാണെന്ന് സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also read: