10/06/2026
[fontresizer_tawhidurrahmandear_widget]

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 12,000 കോടിയുടെ എക്‌സ്പ്രസ്‍വേയുടെ നടുവിൽ വഴിമുടക്കി ഇരുനില വീട്; ഗാസിയാബാദിലെ ‘നെയിൽ ഹൗസ്’

 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 12,000 കോടിയുടെ എക്‌സ്പ്രസ്‍വേയുടെ നടുവിൽ വഴിമുടക്കി ഇരുനില വീട്; ഗാസിയാബാദിലെ ‘നെയിൽ ഹൗസ്’

ഗാസിയാബാദ്: രാജ്യം കണ്ട വലിയ വികസന പദ്ധതികളിൽ ഒന്നായ ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ്വേയ്ക്ക് തടസമായി ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു ഇരുനില വീട്. 12,000 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാതയുടെ നിർണ്ണായകമായ ഒരു എക്‌സിറ്റ് പോയിന്റിന് നടുവിലാണ് ‘സ്വാഭിമാൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ വീട് നിലകൊള്ളുന്നത്. ഇതോടെ എക്‌സ്പ്രസ്വേയുടെ ഒരു ഭാഗം പൂർത്തിയാക്കാനാകാതെ അധികൃതർ കുഴങ്ങുകയാണ്. കഴിഞ്ഞ മാസം അവസാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തത്.

ചൈനയിൽ വികസന പ്രവർത്തനങ്ങൾക്ക് വിട്ടുനൽകാൻ ഉടമകൾ തയാറാകാത്ത വീടുകളെ വിളിക്കുന്ന ‘നെയിൽ ഹൗസ്’ എന്ന പേരാണ് ഇപ്പോൾ ഈ വീടിനും ലഭിച്ചിരിക്കുന്നത്. ഡെറാഡൂണിൽനിന്ന് വരുന്ന വാഹനങ്ങൾ ലോണി ഭാഗത്തേക്ക് ഇറങ്ങേണ്ട സർവീസ് റോഡിന്റെയും റാമ്പിന്റെയും കൃത്യം മധ്യത്തിലാണ് ഈ വീട്. ഇതുകാരണം റാമ്പ് നിർമാണം പാതിവഴിയിൽ നിലയ്ക്കുകയും വാഹനങ്ങൾ ഇടുങ്ങിയ വഴിയിലൂടെ കടന്നുപോകേണ്ടി വരികയുമാണ്.

1998-ൽ ഉത്തർപ്രദേശ് ഹൗസിങ് ബോർഡ് ഭൂമി ഏറ്റെടുക്കാൻ തുടങ്ങിയ കാലത്താണ് തർക്കങ്ങളുടെ തുടക്കം. അന്ന് നിശ്ചയിച്ച നഷ്ടപരിഹാര തുക തീരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി വീടിന്റെ ഉടമയായിരുന്ന ഡോ. വീർസെൻ സരോഹ കോടതിയെ സമീപിച്ചു. അദ്ദേഹത്തിന്റെ മരണശേഷം കൊച്ചുമകൻ ലക്ഷ്യവീർ സരോഹയാണ് നിലവിൽ നിയമപോരാട്ടം തുടരുന്നത്. 1998-ലെ നിരക്കല്ല, മറിച്ച് 2026-ലെ വിപണി നിരക്ക് അനുസരിച്ചുള്ള നഷ്ടപരിഹാരം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ നാഷണൽ ഹൈവേ അതോറിറ്റിക്ക് വീട് പൊളിച്ചുനീക്കാൻ സാധിക്കില്ല. സുപ്രീം കോടതിയുടെ സ്റ്റാറ്റസ് ക്വോ ഉത്തരവ് നിലവിലുള്ളതിനാൽ വീടിനെ തൊടാൻ അധികൃതർക്ക് ഭയമാണ്. വീടിന് ചുറ്റും കിലോമീറ്ററുകളോളം എക്‌സ്പ്രസ്വേ പണി പൂർത്തിയായെങ്കിലും, ഈ ഒരു വീടിന് ചുറ്റും മാത്രം മണ്ണ് നീക്കം ചെയ്യാതെയും ടാർ ചെയ്യാതെയും കിടക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തതോടെ ഗതാഗതം വർധിച്ചിട്ടുണ്ട്. എന്നാൽ ഈ വീട് നിൽക്കുന്ന ഭാഗത്ത് റോഡ് പെട്ടെന്ന് ഇടുങ്ങുന്നതും പൊടിപടലങ്ങൾ ഉയരുന്നതും വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. വീടിന് ചുറ്റും താൽക്കാലികമായി ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കാനാണ് എൻഎച്ച്എഐ ഇപ്പോൾ ശ്രമിക്കുന്നത്.

Also read: