മകനെ ഓഫീസിൽ കൊണ്ടുപോയി, കിട്ടിയത് എട്ടിന്റെ പണി; ലൈറ്റർ ഉപയോഗിച്ചുള്ള കളിയിൽ ഓഫീസിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം
ബീജിങ്: ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ മാതാപിതാക്കളുടെ ജോലിസ്ഥലത്തെത്തിയ 12 വയസ്സുകാരൻ ലൈറ്റർ ഉപയോഗിച്ച് കളിക്കുന്നതിനിടെ ഓഫീസിന് തീപിടിച്ചു. നിങ്ബോ നഗരത്തിൽ നടന്ന സംഭവത്തിൽ ഓഫീസിന്റെ വലിയൊരു ഭാഗം അഗ്നിക്കിരയാകുകയും ലക്ഷക്കണക്കിന് യുവാന്റെ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
മാതാപിതാക്കളുമായി സമയം ചെലവഴിക്കുന്നതിനും വൈകാരിക ബന്ധം ശക്തമാക്കുന്നതിനുമായാണ് കുട്ടിയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, രക്ഷിതാവ് ജോലിയിൽ മുഴുകിയതോടെ ശ്രദ്ധിക്കപ്പെടാതെ പോയ കുട്ടി, മുഷിപ്പ് മാറ്റാനായി ലൈറ്റർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറുകൾ കത്തിക്കുകയായിരുന്നു. ടിഷ്യൂവിൽ നിന്നുള്ള തീപ്പൊരി സമീപത്തെ മേശയിലുണ്ടായിരുന്ന സാധനങ്ങളിലേക്ക് പടർന്നതോടെ നിമിഷങ്ങൾക്കകം ഓഫീസ് മുഴുവൻ തീജ്വാലയിലായി.
കുട്ടിയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഓഫീസിന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. അഗ്നിശമന സേന എത്തിയാണ് പൂർണമായും തീ അണച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും അഗ്നി സുരക്ഷാ അവബോധത്തിന്റെ കുറവിനെക്കുറിച്ചും ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. മുൻപും സമാനമായ രീതിയിൽ കുട്ടികൾ ലൈറ്റർ ഉപയോഗിച്ച് തീയിട്ട സംഭവങ്ങൾ ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവത്തിൽ രക്ഷിതാവിനെതിരെ നിയമനടപടികൾ സ്വീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ല.