രാജ്യാന്തര പുസ്തകമേളയ്ക്ക് ഒരുങ്ങി ഷാര്‍ജ
ദുബൈ: പുസ്തകപ്രേമികളെ വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. നവംബര്‍ അഞ്ചു മുതല്‍ 16 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുക. പുസ്തകമേളയുടെ 44-ാം പതിപ്പില്‍ 118 രാജ്യങ്ങളില്‍നിന്നുള്ള 2,350 പ്രസാധകര് പങ്കെടുക്കും.
‘നിങ്ങള്‍ക്കും പുസ്തകത്തിനുമിടയില്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന 44-ാമത് രാജ്യാന്തര പുസ്തകോത്സവത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി 750 ശില്പശാലകളും 300ലേറെ സാംസ്കാരിക പരിപാടികളും അരങ്ങേറും. ഗ്രീസാണ് ഇക്കുറി അതിഥിരാജ്യം. ജമൈക്ക, നൈജീരിയ, മാലി, സെനഗല്‍ എന്നിവയടക്കം 10 പുതിയ രാജ്യങ്ങളും സംബന്ധിക്കും.
സാഹിത്യം, സംസ്കാരം, വിജ്ഞാനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 66 രാജ്യങ്ങളില്‍നിന്നുള്ള 251 അതിഥികളാണ് ഇത്തവണ ഷാര്‍ജയില്‍ എത്തുക. നൈജീരിയന്‍ സാഹിത്യകാരന് ചിമാമണ്ട എന്‍ഗോസി അഡീച്ചിയാണ് മേളയുടെ മുഖ്യ ആകര്‍ഷണം.
ഇന്ത്യയില്‍ നിന്ന് കവി കെ. സച്ചിദാനന്ദന്, വയലാര്‍ അവാര്‍ഡ് ജേതാവ് ഇ. സന്തോഷ് കുമാര്‍, കണ്ടന്റ് ക്രിയേറ്റര്‍ പ്രാജക്ത കോലി എന്നിവരും പങ്കെടുക്കും. കൂടുതല്‍ ഇന്ത്യന്‍ എഴുത്തുകാരെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി അധികൃതര്‍ പറഞ്ഞു. മേളയ്ക്ക് മുന്നോടിയായി 14-ാമത് ഷാര്‍ജ പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടു മുതല്‍ നാലു വരെ നടക്കും. 12-ാമത് ഷാര്‍ജ രാജ്യാന്തര ലൈബ്രറി കോണ്‍ഫറന്‍സ് നവംബര്‍ എട്ടു മുതല്‍ 10 വരെയും നടക്കും.