‘രാഷ്ട്രീയക്കാർക്ക് ഫണ്ട് നൽകുന്നവർക്ക് മാത്രം പറ്റിയ രാജ്യം; ദുബൈയിൽ 100 മടങ്ങ് വരുമാനവും കുടുംബത്തിന് സുരക്ഷിതത്വവും’- ഇന്ത്യ വിട്ട പ്രവാസി സംരംഭകൻ്റെ തുറന്നുപറച്ചിൽ
ഇന്ത്യയിലെ വ്യവസ്ഥാപിത പരാജയങ്ങളും സമ്മർദങ്ങളും കാരണം രാജ്യം വിട്ടതായി വെളിപ്പെടുത്തി ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകൻ സൗമേന്ദ്ര ജെന. ഇന്ത്യയിൽ ധാർമ്മികമായി ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും, ദുബൈയിലേക്ക് മാറിയതിനുശേഷം തന്റെ വരുമാനത്തിൽ നൂറുമടങ്ങ് വർധനവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. ടെക്, ടെലികോം, ഫിനാൻസ് മേഖലകളിൽ 18 വർഷത്തിലേറെ പരിചയസമ്പന്നനായ ജെന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ബെംഗളൂരുവിൽ നിന്നുള്ള 27 കാരനായ ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ ഇന്ത്യൻ സംവിധാനങ്ങളിലെ തളർച്ച മൂലം ദുബൈയിലേക്ക് മാറിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകാൻ കഴിയുന്നവർക്ക് മാത്രമേ ഇന്ത്യയിലെ നിലവിലെ സംവിധാനം പ്രായോഗികമാകൂ, അതുകൊണ്ടാണ് ഞാൻ 2021-ൽ ഇന്ത്യ വിട്ടത്,” ജെന കുറിച്ചു. ഇന്ത്യയിൽ ഉപഭോക്തൃ വിലനിർണയ നിയമങ്ങൾ ഒരു തമാശയാണെന്നും, നിയമങ്ങളിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളുടെ ലാഭം പൂജ്യമാക്കാൻ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ദുബൈയിലേക്ക് മാറിയതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും കുടുംബത്തിന് കൂടുതൽ സുരക്ഷിതത്വം ലഭിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കുന്നു.
കുറഞ്ഞ നികുതി നിരക്കുകൾ, വ്യക്തമായ ബിസിനസ്സ് നിയമങ്ങൾ, ആഗോള വിപണി സാധ്യതകൾ എന്നിവ കാരണം ഇന്ത്യൻ സാങ്കേതിക-ഡിജിറ്റൽ മേഖലകളിലെ നിരവധി പ്രൊഫഷണലുകൾ നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ജെനയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷത്തിലെ ഘടനാപരമായ പ്രശ്നങ്ങളും ഉയർന്ന സാമ്പത്തിക അപകടസാധ്യതകളും ചൂണ്ടിക്കാണിച്ച ഉപയോക്താക്കൾ, രാഷ്ട്രീയ സ്വാധീനമുള്ള ഫണ്ടിങ് മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ വിജയിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.