കാരണമില്ലാതെ ഉപഭോക്താവിന്റെ ഓർഡർ റദ്ദാക്കി പണം തടഞ്ഞുവെച്ചു; ഫസ്റ്റ്ക്രൈക്ക് 50,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി
ന്യൂഡൽഹി: കുട്ടികളുടെ സാധനങ്ങൾ വിൽക്കുന്ന ഓൺലൈൻ കമ്പനിയായ ഫസ്റ്റ്ക്രൈക്ക് (FirstCry) ഉപഭോക്തൃ കോടതി 50,000 രൂപ പിഴ ചുമത്തി. ഒരു ഉപഭോക്താവിന്റെ ഓർഡർ കാരണമില്ലാതെ റദ്ദാക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതിനാണ് കോടതി നടപടി. ഇതിന് പുറമെ കമ്പനിയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഈ ഉപഭോക്താവിനെ ‘ചതിയൻ’ (Fraud) എന്ന് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിഴയ്ക്ക് പുറമെ ഓർഡർ തുകയായ 2,130 രൂപ പലിശയോടെ തിരികെ നൽകാനും കോടതി ചെലവിലേക്ക് 5,000 രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പരാതിക്കാരനായ ഷെയ്ഖ് അൽതാഫ് 2024 ഡിസംബറിൽ കുട്ടികൾക്കുള്ള ഒരു സൈക്കിളിനായി ഫസ്റ്റ്ക്രൈയിൽ ഓർഡർ നൽകി പണമടച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ കാരണം പറയാതെ ഓർഡർ റദ്ദാക്കി. പണം തിരികെ കിട്ടാത്തതിനെ തുടർന്ന് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ, 2023-ൽ നടത്തിയ ഒരു പഴയ ഓർഡറിന്റെ പേര് പറഞ്ഞാണ് കമ്പനി പണം തടഞ്ഞുവെച്ചത്. പഴയ ഓർഡറിൽ സാധനം തിരിച്ചയച്ചപ്പോൾ അൽതാഫ് കബളിപ്പിച്ചു എന്നായിരുന്നു കമ്പനിയുടെ ആരോപണം. എന്നാൽ കമ്പനി ജീവനക്കാർ വന്ന് സാധനം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് അന്ന് പണം തിരികെ തന്നതെന്നും അതിന് ശേഷം ഇതുവരെ പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും അൽതാഫ് വ്യക്തമാക്കി. യാതൊരു അന്വേഷണവും നടത്താതെയാണ് കമ്പനി ഇയാളെ ചതിയനായി ചിത്രീകരിച്ചത്.
ഫസ്റ്റ്ക്രൈയുടെ വാദങ്ങൾ പരസ്പരവിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. പഴയ ഇടപാട് കൃത്യമായി തീർത്തതാണെന്ന് കമ്പനി തന്നെ നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. ഒരു തവണ സാധനങ്ങൾ പരിശോധിച്ച് പണം തിരികെ നൽകിയ ശേഷം, പുതിയൊരു ഓർഡർ വരുമ്പോൾ പഴയ കാര്യം പറഞ്ഞ് പണം തടഞ്ഞുവെക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. ഉപഭോക്താവിനെ ചതിയൻ എന്ന് വിളിച്ചത് വലിയ തെറ്റാണെന്നും ഇത് അദ്ദേഹത്തിന് മാനസിക വിഷമം ഉണ്ടാക്കിയെന്നും കോടതി വിലയിരുത്തി. പരാതി നൽകിയ ശേഷം കേസ് ഒതുക്കാൻ കമ്പനി 15,000 രൂപ വാഗ്ദാനം ചെയ്തതും കമ്പനിയുടെ ഭാഗത്തെ തെറ്റ് തെളിയിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓർഡർ നൽകിയത് മറ്റൊരാളാണെന്ന കമ്പനിയുടെ വാദവും കോടതി തള്ളി. പണം നൽകിയതിന്റെ രേഖകൾ അൽതാഫ് കൃത്യമായി ഹാജരാക്കിയിരുന്നു. എല്ലാ തുകയും 45 ദിവസത്തിനകം നൽകണമെന്നും ഭാവിയിൽ ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യരുതെന്നും കോടതി കമ്പനിക്ക് കർശന നിർദേശം നൽകി.