15/06/2026
[fontresizer_tawhidurrahmandear_widget]

‘ഡി.എം.കെ സഖ്യകക്ഷികളുടെ ഔദാര്യത്തിലാണ് വിജയ്‌യുടെ ഭരണം’; ടി.വി.കെ സർക്കാരിനെ ഉടൻ താഴെയിറക്കണമെന്ന് എം.കെ സ്റ്റാലിൻ

 ‘ഡി.എം.കെ സഖ്യകക്ഷികളുടെ ഔദാര്യത്തിലാണ് വിജയ്‌യുടെ ഭരണം’; ടി.വി.കെ സർക്കാരിനെ ഉടൻ താഴെയിറക്കണമെന്ന് എം.കെ സ്റ്റാലിൻ

ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ ടി.വി.കെ സർക്കാരിനെ എത്രയും വേഗം അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഡി.എം.കെ പ്രവർത്തകർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ഡി.എം.കെ നേതൃത്വം നൽകിയ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് നിയമസഭാ സീറ്റുകൾ നേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ ടി.വി.കെ സർക്കാർ അധികാരത്തിലേറിയിരിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. ഈ സഖ്യകക്ഷികളുടെ ഔദാര്യം കൊണ്ടുമാത്രമാണ് വിജയ് സർക്കാർ നിലനിൽക്കുന്നത് തന്നെ. യഥാർത്ഥത്തിൽ ഡി.എം.കെ അധികാരത്തിൽ വരണമെന്ന് ആഗ്രഹിച്ച പാർട്ടികളാണിവയെന്നും അദ്ദേഹം വ്യക്തമാക്കി. ടി.വി.കെ സർക്കാരിനെ താഴെയിറക്കാനുള്ള പ്രവർത്തനങ്ങൾക്കായി പാർട്ടി പ്രവർത്തകർ പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിജയ്‌യുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിന് മുൻപ് സഖ്യകക്ഷികൾ താനുമായി ചർച്ചകൾ നടത്തിയിരുന്നതായും സ്റ്റാലിൻ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള പൂർണ്ണമായ ജനാധിപത്യ അവകാശം അവർക്കുണ്ടെന്നാണ് താൻ മറുപടി നൽകിയത്. തമിഴ്‌നാട്ടിൽ ഗവർണർ ഭരണം വരുന്നത് തടയുക എന്നത് മാത്രമായിരുന്നു തന്റെ പ്രധാന ലക്ഷ്യം. ഗവർണറിലൂടെ സംസ്ഥാനത്തിന്റെ ഭരണം ബി.ജെ.പിയുടെ കൈകളിൽ എത്താതിരിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അധികനാൾ ഈ സർക്കാർ മുന്നോട്ട് പോകാൻ അനുവദിക്കരുതെന്നും ഉടൻ തന്നെ ടി.വി.കെ സർക്കാരിനെ താഴെയിറക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

പാർട്ടിയുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്, തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളെ സമചിത്തതയോടെ നേരിടാൻ പ്രവർത്തകരോട് സ്റ്റാലിൻ നിർദ്ദേശിച്ചു. ചരിത്രത്തിൽ നിരവധി വിജയങ്ങളും പരാജയങ്ങളും ഒരുപോലെ ഡി.എം.കെ ഏറ്റുവാങ്ങിയിട്ടുണ്ട്. അടിയന്തരാവസ്ഥയെ ശക്തമായി എതിർത്തുകൊണ്ട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി മറീന ബീച്ചിൽ ജനങ്ങളെ വിളിച്ചുകൂട്ടി പ്രമേയം പാസാക്കിയതിനെ തുടർന്നാണ് അന്ന് ഡി.എം.കെയ്ക്ക് അധികാരം നഷ്ടപ്പെട്ടത്. പിന്നീട് 1991-ൽ ശ്രീലങ്കൻ തമിഴ് വിഷയത്തിന്റെ പേരിലും ഭരണത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്നു. എന്നാൽ 1996-ൽ പാർട്ടി ശക്തമായി ഭരണത്തിൽ തിരിച്ചെത്തി. തുടർന്ന് 2001-ൽ പരാജയപ്പെട്ടെങ്കിലും 2006-ൽ വീണ്ടും വിജയം നേടി. ഇതിന് ശേഷം നീണ്ട ഇടവേളയ്ക്ക് ഒടുവിൽ 2021-ലാണ് ഡി.എം.കെ വീണ്ടും അധികാരത്തിലെത്തിയതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഈ ചരിത്രം ഉൾക്കൊണ്ട് വിജയപരാജയങ്ങളിൽ തളരാതെ പാർട്ടിയെ താഴെത്തട്ടിൽ നിന്ന് ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരണമെന്നും അദ്ദേഹം പ്രവർത്തകരെ ഓർമ്മിപ്പിച്ചു.

Also read: