ക്ഷേത്രങ്ങളും മസ്ജിദുമടക്കം അഞ്ച് ആരാധനാലയങ്ങൾ പൊളിക്കാൻ ഉത്തരവ്; ജയ്പൂരിൽ അതീവ ജാഗ്രത, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
ജയ്പൂർ: ജയ്പൂരിലെ ജഗത്പുര മേഖലയിൽ റോഡ് വികസനത്തിന്റെ ഭാഗമായി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശവും കനത്ത സുരക്ഷയും ഏർപ്പെടുത്തി. ജയ്‌പൂർ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ നന്ദപുരി റോഡ് വികസിപ്പിക്കുന്നതിനായി റോഡിൻ്റെ അതിർത്തിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ആരാധനാലയങ്ങളാണ് അധികൃതർ പൊളിച്ചുമാറ്റുന്നത്. ഒരു പള്ളി, രണ്ട് ക്ഷേത്രങ്ങൾ, ഒരു സത്സങ് ഹാൾ, ഒരു മസാർ എന്നിവയാണ് ഈ നടപടിയിലൂടെ നീക്കം ചെയ്യുന്നത്. സംഘർഷാവസ്ഥ ഒഴിവാക്കാനും ക്രമസമാധാനം നിലനിർത്താനുമായി വലിയ തോതിലുള്ള മുൻകരുതലുകളാണ് മേഖലയിൽ സ്വീകരിച്ചിരിക്കുന്നത്.
നടപടികളുടെ ഭാഗമായി മുൻകരുതലെന്ന നിലയിൽ ജയ്പൂർ ഭരണകൂടം മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങൾ തടയുന്നതിനും വർഗീയ സംഘർഷങ്ങൾക്കുള്ള സാധ്യതകൾ ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. ഇന്റർനെറ്റ് വഴി ഏതെങ്കിലും തരത്തിലുള്ള പ്രകോപനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സുരക്ഷ ഉറപ്പാക്കാനായി ഏകദേശം 3,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിലുടനീളം വിന്യസിച്ചിരിക്കുന്നത്. രാജസ്ഥാൻ ആംഡ് കോൺസ്റ്റാബുലറിയുടെ 12 കമ്പനികൾക്ക് പുറമെ ജയ്‌പൂർ, കോട്ട, ഭരത്പൂർ റേഞ്ചുകളിൽ നിന്നുള്ള അധിക പൊലീസ് സേനയെയും ക്രമസമാധാന പാലനത്തിനായി ഇവിടെ എത്തിച്ചിട്ടുണ്ട്. റോഡ് വികസനത്തിന്റെ ഭാഗമായി ഇതിനുമുമ്പ് മെയ് 22-ന് നടന്ന ഒഴിപ്പിക്കൽ നടപടിയിൽ 134 കൈയേറ്റങ്ങൾ മാറ്റിയിരുന്നു. അന്ന് തന്നെ ഈ ആരാധനാലയങ്ങളുടെ ഭാരവാഹികളോട് സ്വന്തം നിലക്ക് നിർമാണങ്ങൾ നീക്കം ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നടപ്പിലാക്കാത്തതിനാലാണ് ഇപ്പോൾ ഭരണകൂടം നേരിട്ട് പൊളിക്കൽ നടപടിയുമായി രംഗത്തിറങ്ങിയത്.
നിലവിൽ 25-30 അടി മാത്രമുള്ള നന്ദപുരി റോഡിൻ്റെ വീതി 80 അടിയായി ഉയർത്താനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റോഡ് വികസനം പൂർത്തിയാകുന്നതോടെ ജഗത്പുര, മാളവ്യ നഗർ, പ്രധാൻ മാർഗ്, അപെക്സ് സർക്കിൾ തുടങ്ങിയ പ്രധാന മേഖലകൾക്കിടയിലുള്ള ഗതാഗതം കൂടുതൽ സുഗമമാകും. ഹരേ കൃഷ്ണ മാർഗിലെ വലിയ ഗതാഗതക്കുരുക്ക് കുറക്കാനും ഇത് സഹായിക്കും. പ്രദേശത്തെ ഏകദേശം അമ്പതോളം കോളനികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ആരാധനാലയങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ ചില രാഷ്ട്രീയ നേതാക്കളും സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും സാമൂഹിക ഐക്യം തകരാതെ സൂക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.