ഇറാനിൽ കടുത്ത ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് ഇന്ത്യൻ മാധ്യമങ്ങൾ; വിശ്വസനീയമായ വാർത്താ സ്രോതസ്സുകളെ ആശ്രയിക്കണമെന്ന് ഇറാൻ എംബസി
ന്യൂഡൽഹി: ഇറാനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമവും ജനങ്ങൾ കടുത്ത ദുരിതത്തിലുമാണെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യയിലെ ഇറാൻ എംബസി രംഗത്ത്. രാജ്യത്ത് ഭക്ഷ്യസാധനങ്ങൾക്കോ മറ്റ് അവശ്യവസ്തുക്കൾക്കോ യാതൊരുവിധ ക്ഷാമവുമില്ലെന്ന് എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിരവധി യുദ്ധങ്ങളും ബാഹ്യശക്തികളുടെ കടുത്ത സമ്മർദ്ദങ്ങളും അതിജീവിച്ചാണ് ഇറാൻ മുന്നോട്ടുപോകുന്നത്. പ്രസിഡന്റ് ഡോ. മസൂദ് പെസഷ്‌കിയാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ കാര്യക്ഷമമായ ഇടപെടലുകൾ കാരണം രാജ്യത്ത് അവശ്യസാധനങ്ങളുടെ വിതരണവും ലഭ്യതയും കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും എംബസി അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് ഇറാൻ എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ കൂടുതൽ വിശ്വസനീയവും ഔദ്യോഗികവുമായ സ്രോതസ്സുകളെ ആശ്രയിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇറാൻ സർക്കാരിനെതിരായ അജണ്ടകളോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങൾ നൽകുന്ന പക്ഷപാതപരമായ വാർത്തകൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് എംബസി ചൂണ്ടിക്കാട്ടി. ഇറാനിലെ ജനജീവിതം ദുസ്സഹമാണെന്ന രീതിയിൽ വാർത്തകൾ നൽകിയ ‘ആജ് തക്’ ഉൾപ്പെടെയുള്ള ചില ഇന്ത്യൻ ചാനലുകളുടെ സമീപകാല റിപ്പോർട്ടുകളെ ലക്ഷ്യം വെച്ചാണ് ഈ വിശദീകരണം പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കങ്ങളും പശ്ചിമേഷ്യയിലെ മറ്റ് യുദ്ധസാഹചര്യങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര വിശദീകരണം ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യങ്ങൾ ഇന്ത്യ-ഇറാൻ ബന്ധത്തെയും ബാധിക്കുന്നുണ്ട്. ഇറാനിലെ ചബഹാർ തുറമുഖ പദ്ധതി, ഊർജ സുരക്ഷ, പേർഷ്യൻ ഗൾഫ് മേഖലയിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ എന്നിവയിൽ ഇന്ത്യയ്ക്ക് വലിയ താൽപ്പര്യങ്ങളുണ്ട്. ഉപരോധങ്ങളും പ്രാദേശിക പ്രതിസന്ധികളും ഇറാൻ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, രാജ്യത്തെ ആഭ്യന്തര വിതരണ ശൃംഖല ശക്തമാണെന്ന് വ്യക്തമാക്കുകയാണ് ഇറാൻ എംബസി.