ലോകകപ്പ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കുന്നത് ഡൊണാൾഡ് ട്രംപോ?
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിലെ വിജയികൾക്കുള്ള ട്രോഫി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. ടൂർണമെന്റ് ജേതാക്കൾക്ക് ട്രോഫി സമ്മാനിക്കാൻ ഫിഫയ്ക്ക് താൽപ്പര്യമുണ്ടെന്ന വിവരം യുഎസ് പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചതായി ടോക്ക്സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ 19-ന് മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ ചടങ്ങിലേക്ക് മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും ക്ഷണിച്ചേക്കും.
നേരത്തെ ക്ലബ് ലോകകപ്പിൽ ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് ട്രോഫി ഉയർത്തിയപ്പോൾ ട്രംപ് പോഡിയത്തിൽ ഒപ്പമുണ്ടായിരുന്നത് ശ്രദ്ധേയമായിരുന്നു. സാധാരണ പ്രോട്ടോക്കോൾ അനുസരിച്ച് ട്രോഫി പോഡിയത്തിൽ വെക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ ട്രോഫി ഉയർത്തുന്ന സമയത്ത് ജേതാക്കൾക്കൊപ്പം വേദിയിൽ തുടരണമോ എന്നത് ട്രംപിന്റെ വിവേചനാധികാരത്തിന് വിട്ടതായാണ് സൂചന. ഷെഡ്യൂളിലെ തർക്കം കാരണം യുഎസ്എംഎൻടിയുടെ ആദ്യ മത്സരത്തിൽ ട്രംപ് പങ്കെടുത്തിരുന്നില്ല.