അയോധ്യ ക്ഷേത്ര ട്രസ്റ്റിനു ലഭിച്ച 60 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാനില്ല; 200 കോടിയുടെ തട്ടിപ്പെന്ന് എഎപി
അയോധ്യ രാമക്ഷേത്രം
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വലിയൊരു പങ്ക് കാണാനില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രാണ പ്രതിഷ്ഠാ സമയത്ത് ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ കാണാനില്ലെന്ന പരാതിയിലാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ആറു ദിവസമായി എസ്ഐടി അന്വേഷണം നടത്തി വരികയാണെങ്കിലും ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഈ വെള്ളിക്കട്ടികൾ സംഭാവനയായി സ്വീകരിച്ചതിന്റെ രസീതുകളോ, ഇവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നോ, ഇതിൽ എത്രയെണ്ണമാണ് ക്ഷേത്രത്തിൽ ഉപയോഗിച്ചതെന്നോ വ്യക്തമാക്കുന്ന യാതൊരുവിധ ഔദ്യോഗിക രേഖകളും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ, 40 കിലോ വെള്ളിക്കട്ടികൾ ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതിന്റെ രസീതുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് ജ്വല്ലേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. രാജ്യമെമ്പാടുമുള്ള ജ്വല്ലറിയുടമകളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ഇവ ക്ഷേത്രത്തിലേക്ക് നൽകിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് റസ്തോഗി മാധ്യമങ്ങളോട് പറഞ്ഞു.
ക്ഷേത്രത്തിന്റെ അടിത്തറയിൽ പാകാനെന്ന് പറഞ്ഞാണ് വെള്ളിക്കട്ടികൾ വാങ്ങിയതെന്നും, എന്നാൽ ശിലാസ്ഥാപനത്തിലോ പിന്നീട് നടന്ന ക്ഷേത്ര നിർമാണത്തിലോ ഇത് ഉപയോഗിച്ചതായി കണ്ടിട്ടില്ലെന്നും 60 കിലോയും അപ്പാടെ അപ്രത്യക്ഷമായി എന്നും റസ്തോഗി ആരോപിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി രാം ലല്ലയിലെ പുരോഹിതരായ രാം ശങ്കർ യാദവ് എന്ന ടിന്നു, ആഭരണങ്ങളുടെയും കാണിക്കയുടെയും നടത്തിപ്പ് ചുമതലയുള്ള കൃഷ്ണദേവ് തിവാരി എന്നിവരുൾപ്പെടെ ആറ് പൂജാരിമാരെ എസ്ഐടി ചോദ്യം ചെയ്തു. എന്നാൽ വെള്ളിക്കട്ടികൾ കാണാനില്ലെന്ന വാർത്ത കൃഷ്ണദേവ് തിവാരി നിഷേധിച്ചു. ഇതിന് പുറമെ ക്ഷേത്രത്തിൽ സമർപ്പിക്കപ്പെട്ട നെക്ലേസും ദിവ്യ പാദുകങ്ങളും (ചരൺ പാദുക) നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ചും തനിക്കറിയില്ലെന്നുമാണ് തിവാരി വ്യക്തമാക്കുന്നത്. വെള്ളി ആഭരണങ്ങൾക്കും വെള്ളിക്കട്ടികൾക്കും പുറമെ സ്വർണം, വജ്രം എന്നിവയിൽ തീർത്ത വിലപിടിപ്പുള്ള ആഭരണങ്ങൾ നഷ്ടമായതായും ആരോപണമുണ്ട്. ഇവയ്ക്ക് പകരം മുക്കുപണ്ടമാണ് ശേഖരത്തിലേക്ക് മാറ്റിവച്ചിരിക്കുന്നതെന്നും ക്ഷേത്രം ഭണ്ഡാരത്തിലേക്ക് ലഭിക്കുന്ന സംഭാവനകൾ പോലും കവർന്നെടുക്കപ്പെടുന്നുവെന്നും ആരോപണം ശക്തമാണ്. ലക്നൗ കമ്മിഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ കിരൺ എസ്, സ്പെഷൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവാണ് ഈ മാസം ആദ്യം അയോധ്യ ക്ഷേത്രത്തെ ചുറ്റിപ്പറ്റി കോടികളുടെ തട്ടിപ്പ് നടക്കുന്നുവെന്നും വിലയേറിയ വസ്തുക്കൾ അപ്രത്യക്ഷമാകുന്നുവെന്നും ആരോപണം ഉയർത്തിയത്. ക്ഷേത്രത്തിൽ 200 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് ആം ആദ്മി പാർട്ടിയും ആരോപിക്കുന്നു. വിവാദങ്ങൾ ശക്തമായതോടെ ക്ഷേത്രം ട്രസ്റ്റിന്റെ പരാതിയിൽ ഉത്തർപ്രദേശ് സർക്കാർ ഈ മാസം 13-നാണ് എസ്ഐടി രൂപീകരിച്ചത്. ക്ഷേത്രത്തിനായി 500 വർഷം കാത്തിരുന്നതാണെന്നും അതുകൊണ്ട് 15 ദിവസം കൂടി ഭക്തർ ക്ഷമിക്കണമെന്നും രാമക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ പ്രതികരിച്ചിരുന്നു.