21/07/2026
[fontresizer_tawhidurrahmandear_widget]

ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ബിജെപി വനിതാ കൗൺസിലരെ കൊമ്പിൽ കോർത്ത് പശു; ഗുരുതര പരിക്ക്

 ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ബിജെപി വനിതാ കൗൺസിലരെ കൊമ്പിൽ കോർത്ത് പശു; ഗുരുതര പരിക്ക്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപി നേതാവിന് പശുവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്. കിഴക്കൻ ഡൽഹിയിലെ മണ്ഡാവലിയിലെ ബിജെപി കൗൺസിലർ ശശി ചന്ദ്‌നയ്ക്കാണ് തെരുവിൽ അലഞ്ഞുതിരിഞ്ഞ പശുവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും സാരമായ പരിക്കേറ്റ ഇവരെ നിർമൻ വിഹാറിലെ സ്വകാര്യ നഴ്‌സിങ് ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മണ്ഡാവലിയിലെ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ശശി ചന്ദ്‌നയ്ക്ക് നേരെ പശുവിന്റെ ആക്രമണമുണ്ടായത്. ‘റോഡിലൂടെ നടന്നു വരികയായിരുന്ന എന്റെ നേർക്ക് മുന്നിൽനിന്ന് പശു അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. എന്നെ ലക്ഷ്യമിട്ട് കുതിച്ചെത്തിയ അത് പെട്ടെന്ന് കൊമ്പിൽ കോർത്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തിയെറിഞ്ഞു. റോഡിൽ തലയിടിച്ചാണ് ഞാൻ വീണത്. തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കടുത്ത പരിക്കുകളുണ്ട്.’-അവർ പറഞ്ഞു.

തന്റെ വാർഡിലെയും ഡൽഹിയിലെ പൊതുവേയുള്ളതുമായ തെരുവ് മൃഗങ്ങളുടെ ശല്യത്തെക്കുറിച്ച് താൻ തന്നെ മുൻപ് പലതവണ ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ഔദ്യോഗികമായി പരാതി നൽകിയിരുന്നതാണെന്ന് ശശി ചന്ദ്‌ന പറഞ്ഞു. എന്നാൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതരുടെ ഭാഗത്തുനിന്നു യാതൊരുവിധ കർശന നടപടികളും ഉണ്ടായില്ലെന്നും അവർ കുറ്റപ്പെടുത്തി.

പ്രദേശത്ത് പലരും അനധികൃതമായി ഡയറി ഫാമുകൾ നടത്തുന്നുണ്ടെന്നും, രാവിലെ പാൽ എടുത്ത ശേഷം കന്നുകാലികളെ റോഡിലേക്ക് അഴിച്ചുവിടുന്നത് പതിവാണെന്നും ശശി ചന്ദ്‌നയുടെ ഭർത്താവ് മോഹൻ ചന്ദ്‌ന ആരോപിച്ചു. നിലവിൽ ഡോക്ടർമാർ കൗൺസിലറെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷിക്കുകയാണ്. സ്‌കാനിങ് റിപ്പോർട്ടുകൾ പൂർണമായി വന്ന ശേഷമേ ആന്തരിക പരിക്കുകളുടെ വ്യാപ്തി വ്യക്തമാകൂ എന്ന് കുടുംബം അറിയിച്ചു.

Also read: