21/07/2026
[fontresizer_tawhidurrahmandear_widget]

‘തന്ത്രങ്ങളുടെ തമ്പുരാൻ’ ; ജപ്പാനെതിരെ ബ്രസീലിനെ രക്ഷിച്ചത് ആഞ്ചലോട്ടിയുടെ ആ ’45 മിനിറ്റുകൾ’

 ‘തന്ത്രങ്ങളുടെ തമ്പുരാൻ’ ; ജപ്പാനെതിരെ ബ്രസീലിനെ രക്ഷിച്ചത് ആഞ്ചലോട്ടിയുടെ ആ ’45 മിനിറ്റുകൾ’

ബ്രസീൽ ജപ്പാൻ മത്സരത്തിൽ ലോകമെങ്ങും വാഴ്ത്തിപ്പാടുന്ന ഒറ്റ പേരുണ്ട്. കാർലോ ആഞ്ചലോട്ടി, അല്ലെങ്കിൽ ദ ഡോൺ കാർലോ. കളി കൈവിട്ടുവെന്ന് ആരാധകർക്ക് പോലും തോന്നിപ്പോയ ആദ്യ പകുതി. ക‍ൃത്യതയാർന്ന പാസ്സുകളും ക്രോസ്സുകളും കൊണ്ട് കാനറിപ്പടയെ ഭയപ്പെടുത്തിയ നിമിഷങ്ങൽ. ശേഷം 29-ാം മിനുട്ടിൽ കയിഷോ സനോ ഒരു നദിപോലെ ഒഴുകിയൊഴുകി കാസെമിറോയെ മറികടന്ന് 20 വാരെ അകലെ നിന്നും മികച്ചൊരു ഷോട്ടിലൂടെ ബ്രസീൽ ഗോൾകീപ്പർ അലിസണെ കീഴടക്കുകയായിരുന്നു. ബ്രസീൽ കളിക്കാരുടെ വിന്നിങ് മെൻ്റാലിറ്റി ചിത്രത്തിലേയില്ല എന്ന് തോന്നിപ്പോയ സംഭവികാസങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്. ആദ്യ പകുതി പിന്നിട്ടപ്പോൾ കാർലോ സടകുടഞ്ഞെഴുന്നേറ്റു എന്നുറപ്പാണ്.

ഹൂസ്റ്റണിലെ തിങ്ങിനിറഞ്ഞ ‌സ്റ്റേഡിയത്തിൽ എഴുപതിനായിരത്തോളം വരുന്ന ആരാധകരെ സാക്ഷിയാക്കി ജപ്പാനെതിരായ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബ്രസീൽ വിജയം നേടുമ്പോൾ ഗാലറിയും മൈതാനവും ഭൂ​ഗോളവും ആവേശക്കടലായി മാറുകയായിരുന്നു. മത്സരത്തിന്റെ തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെല്ലി വിജയഗോൾ നേടിയപ്പോൾ ആരാധകരും, കളിക്കാരും, പരിശീലകരും, സപ്പോർട്ട് സ്റ്റാഫുമെല്ലാം ആഘോഷങ്ങളിൽ മതിമറന്നു. എന്നാൽ ഈ കോലാഹലങ്ങൾക്കിടയിലും ബ്രസീൽ പരിശീലകൻ കാർലോ ആൻസലോട്ടി യാതൊരു ഭാവഭേദവുമില്ലാതെ വളരെ ശാന്തനായി നിൽക്കുകയായിരുന്നു. പുറമെ ശാന്തനായിരുന്നുവെങ്കിലും, തന്റെ തന്ത്രങ്ങൾ ഒരിക്കൽക്കൂടി ഫലം കണ്ടതിന്റെ വലിയൊരു ആശ്വാസം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടാവാം. പകരക്കാരായി ഇറങ്ങിയ മാർട്ടിനെല്ലിയും എൻഡ്രിക്കുമാണ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. തനിക്ക് പറ്റിയ ഒരു പിഴവ് പരസ്യമായി അംഗീകരിച്ച് രണ്ടാം പകുതിയിൽ ആൻസലോട്ടി വരുത്തിയ മാറ്റങ്ങളാണ് ബ്രസീലിനെ രക്ഷിച്ചത്.

2002-ൽ കിരീടം നേടിയതിന് ശേഷം ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പിന്നിൽ നിന്ന ശേഷം ബ്രസീൽ വിജയിച്ചിട്ടില്ല എന്ന ചരിത്രം ആരാധകരെ ഭയപ്പെടുത്തിയിരുന്നു. ആദ്യ പകുതിയിൽ 68 ശതമാനം പന്തവകാശം ബ്രസീലിനായിരുന്നെങ്കിലും ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിക്ക് മുന്നിൽ എല്ലാവർക്കും അടിതെറ്റി. വിനീഷ്യസ് ജൂനിയറിനെ സെൻട്രൽ പൊസിഷനിൽ കളിപ്പിച്ചതായിരുന്നു ആൻസലോട്ടിക്ക് സംഭവിച്ച പ്രധാന പിഴവ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ നിലവിലെ മികച്ച റൈറ്റ് ബാക്കുകളിലൊരാളായ അഷ്റഫ് ഹക്കീമിക്കെതിരെ വിനീഷ്യസിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ഇതിനെത്തുടർന്ന് ഹെയ്തിക്കെതിരായ മത്സരത്തിൽ ആൻസലോട്ടി ആവശ്യപ്പെട്ടതനുസരിച്ച് വിനീഷ്യസ് സെൻട്രൽ റോളിൽ കളിക്കുകയും ഒരു ഗോളും അസിസ്റ്റും നേടുകയും ചെയ്തിരുന്നു. താൻ പരിശീലകനെ കൂടുതൽ കേൾക്കേണ്ടതുണ്ടെന്ന് വിനീഷ്യസ് അന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ജപ്പാനെതിരെ ഇതേ തന്ത്രം പാളി. സാനോയുടെയും ഡൈച്ചി കാമഡയുടെയും മികച്ച പ്രതിരോധത്തിന് മുന്നിൽ വിനീഷ്യസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. ജപ്പാന്റെ പ്രതിരോധം ബ്രസീൽ മധ്യനിരയെ നിഷ്പ്രഭമാക്കുന്നത് 45 മിനിറ്റോളം നിരീക്ഷിച്ച ശേഷമാണ് ആൻസലോട്ടി മാറ്റങ്ങൾ വരുത്തിയത്.

രണ്ടാം പകുതിയിൽ വിനീഷ്യസിനെ വീണ്ടും ലെഫ്റ്റ് വിങ്ങിലേക്ക് മാറ്റിയതോടെയാണ് കളിയുടെ ഗതി മാറിയത്. ശേഷം ബ്രസീൽ നിരന്തരം പന്തിൽ ഇടപെടുകയും ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടുകയും ചെയ്തു. 90 മിനുട്ടുകളും കഴിയാതെ ആഞ്ചലോട്ടിയെ അളക്കാൻ വരരുതെന്ന് ക്ലബ് ഫുട്ബോൾ നിരീക്ഷിക്കുന്നവർക്കറിയാം.

ജപ്പാന്റെ പ്രതിരോധ നിരയിലെ മൂന്ന് സെന്റർ ബാക്കുകളായ ടകെഹിറോ ടോമിയാസു, ഷോഗോ താനിഗുച്ചി, ഹിരോകി ഇറ്റോ എന്നിവർ ആദ്യ പകുതിയിൽ ബ്രസീൽ സ്ട്രൈക്കർ മാത്യൂസ് കുഞ്ഞയെ ഒറ്റപ്പെടുത്തി നിർത്തി ആധിപത്യം പുലർത്തിയിരുന്നു. ഇതിന് മറുപടിയായി ഷാഡോ സ്ട്രൈക്കറായി എൻഡ്രിക്കിനെ കളത്തിലിറക്കി ആൻസലോട്ടി ജപ്പാൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. വിനീഷ്യസും റയാനും വിങ്ങുകളിൽ ജപ്പാൻ താരങ്ങളെ മറികടക്കാൻ തുടങ്ങിയതോടെ ബ്രസീൽ ക്രോസുകളിലൂടെ ആക്രമണം അഴിച്ചുവിട്ടു. നെതർലാൻഡ്‌സിനും സ്വീഡനുമെതിരായ മത്സരങ്ങളിൽ ഏരിയൽ ഡ്യുവലുകളിൽ ജപ്പാൻ പകുതിയിലേറെയും പരാജയപ്പെട്ടിരുന്നു. ജപ്പാന്റെ ഈ ദൗർബല്യം തിരിച്ചറിഞ്ഞ ബ്രസീൽ നിരന്തരം ക്രോസുകൾ നൽകി. ഒരു ഘട്ടത്തിൽ ടോമിയാസു ഗോൾ ലൈനിൽ നിന്നും പന്ത് രക്ഷപ്പെടുത്തിയെങ്കിലും, 56-ാം മിനിറ്റിൽ ഗബ്രിയേൽ മഗൽഹെയ്സ് നൽകിയ മികച്ചൊരു പന്തിൽ തലവെച്ച് കാസെമിറോ ബ്രസീലിനായി ആ സമനില ഗോൾ നേടി. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഹെഡർ ഗോളുകൾ നേടിയ താരമാണ് കാസെമിറോ. ഇതിനോടകം തന്നെ ഒരു മഞ്ഞക്കാർഡ് വഴങ്ങിയ കസമീറോയെ വിശ്വസിച്ച് താക്കോൽ നൽകിയ കാർലോയുടെ ധൈര്യം അപാരം തന്നെയായിരുന്നു.

തുടർന്ന് വിങ്ങറായ മാർട്ടിനെല്ലിയെ അറ്റാക്കിംഗ് മിഡ്‌ഫീൽഡറായി കളിപ്പിച്ച് പെനാൽറ്റി ഏരിയയിൽ കൂടുതൽ താരങ്ങളെ എത്തിക്കാൻ ആൻസലോട്ടി ശ്രദ്ധിച്ചു. ബ്രൂണോ ഗുയിമാറെസ് നൽകിയ പാസിൽ നിന്ന് കളിയവസാനിക്കാൻ സെക്കൻ്റുകൾ ബാക്കിനിൽക്കെ മാർട്ടിനെല്ലി ജപ്പാൻ വാളറുത്തു. രണ്ടാം പകുതിയിൽ വിനീഷ്യസിന്റെ പൊസിഷനിലും കാസെമിറോയുടെ മുന്നേറ്റങ്ങളിലും, കൃത്യമായ സബ്സ്റ്റിറ്റ്യൂഷനുകളുമാണ് ബ്രസീലിന് അനുകൂലമായി മാറി. ആൻസലോട്ടിക്ക് സ്വന്തമായി ഒരു ശൈലി മാത്രമേയുള്ളൂ എന്ന് പറയാനാകില്ല. ഒരു ടീമിന് ഒരേയൊരു ശൈലി മാത്രമുള്ളത് വലിയൊരു പരിമിതിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മാറ്റങ്ങളെ ഉൾക്കൊള്ളാൻ അദ്ദേഹം പഠിച്ചത് സ്വന്തം അനുഭവങ്ങളിൽ നിന്നു തന്നെയാണ്. ഓരോ മാച്ചിനും ഓരോ ശൈലിയാണ് അദ്ദേഹത്തിന്. അത് കളി ജയിക്കണം എന്ന ശൈലി മാത്രമാണ്. ലെറ്റ്സ് സീ …

Also read: