ചായയിലെ മധുരം ഒഴിവാക്കിയാൽ മാത്രം പ്രമേഹത്തെ തടയാനാകുമോ? അറിയാം പ്രമേഹസാധ്യത കൂട്ടുന്ന ഘടകങ്ങൾ
ചായയിലും കാപ്പിയിലും പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം വരില്ലെന്ന ധാരണ പരക്കെ ഒപ്പമുള്ളതാണ്. എന്നാൽ, മധുരമുള്ള ഭക്ഷണങ്ങൾ മാത്രമല്ല പ്രമേഹ സാധ്യത കൂട്ടുന്നത് എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വല്ലപ്പോഴും മാത്രം മധുരം കഴിക്കുന്നവരെപ്പോലും നിത്യജീവിതത്തിലെ ചില മോശം ശീലങ്ങൾ പ്രമേഹത്തിലേക്ക് നയിക്കാം. കേവലം പഞ്ചസാരയുടെ ഉപയോഗം മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്ന ഹോർമോണായ ഇൻസുലിനോട് ശരീരം പ്രതിരോധം തീർക്കുമ്പോഴാണ് ടൈപ്പ് 2 പ്രമേഹം ബാധിക്കുന്നത്.
മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്ന് ജോലി ചെയ്യുന്നത് പ്രമേഹസാധ്യത ഇരട്ടിയാക്കും. ഇത്തരം ആളുകളിൽ ഉപാപചയപ്രവർത്തനം സാവധാനത്തിലാകുകയും ഇൻസുലിൻ പ്രതിരോധം ഉണ്ടാവുകയും ചെയ്യുന്നു. ഈ ശീലത്തെ പുകവലിയോടാണ് ഡോക്ടർമാർ ഉപമിക്കുന്നത്. ഇത് ഒഴിവാക്കാൻ ഓരോ മണിക്കൂറിലും എഴുന്നേറ്റ് നിൽക്കുകയോ ചെറിയ ദൂരം നടക്കുകയോ ചെയ്യേണ്ടതുണ്ട്.
വില്ലനാകുന്ന ഉറക്കക്കുറവും സമ്മർദവും
വിട്ടുമാറാത്ത മാനസിക സമ്മർദവും ഉറക്കമില്ലായ്മയും പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളാണ്. ഉറക്കക്കുറവ് വിശപ്പിനെയും ബ്ലഡ് ഷുഗറിനെയും നിയന്ത്രിക്കുന്ന ഹോർമോൺ പ്രവർത്തനങ്ങളെ താളംതെറ്റിക്കുകയും, പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കാനുള്ള താല്പര്യം കൂട്ടുകയും ചെയ്യും. സമ്മർദം വർധിക്കുമ്പോൾ ഉണ്ടാകുന്ന ‘കോർട്ടിസോൾ’ എന്ന സ്ട്രെസ്സ് ഹോർമോൺ ഇൻസുലിൻ പ്രതിരോധം വഷളാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, വയറിലെ കൊഴുപ്പ്, ക്രമം തെറ്റിയ ഭക്ഷണരീതി, ജനിതകഘടകങ്ങൾ എന്നിവയും ഇതിന് ആക്കം കൂട്ടുന്നവയാണ്.
ചതിക്കുഴിയൊരുക്കുന്ന ‘ഷുഗർ ഫ്രീ’ ഉൽപ്പന്നങ്ങൾ
വിപണിയിൽ ലഭിക്കുന്ന ‘ഷുഗർ ഫ്രീ’ ലേബലുള്ള പല ഭക്ഷണങ്ങളും യഥാർത്ഥത്തിൽ തെറ്റിദ്ധരിപ്പിക്കുന്നവയാണ്. ഇത്തരം ബിസ്ക്കറ്റുകൾ, പേസ്ട്രികൾ, പാക്കറ്റ് ലഘുഭക്ഷണങ്ങൾ, ബിവറേജുകൾ എന്നിവയിൽ റിഫൈൻഡ് കാർബോഹൈഡ്രേറ്റ്, കൃത്രിമ മധുരങ്ങൾ, പ്രോസസ്സ് ചെയ്ത അന്നജം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് വർദ്ധിപ്പിക്കും. അതിനാൽ വാങ്ങുന്നതിന് മുൻപ് ചേരുവകൾ കൃത്യമായി വായിക്കണം.
ലക്ഷണങ്ങൾ അവഗണിക്കരുത്
- എപ്പോഴുമുള്ള ക്ഷീണവും തളർച്ചയും
- അമിത വിശപ്പ്, കുടവയറ്
- ബ്രെയ്ൻ ഫോഗ് (മാനസിക അവ്യക്തത)
- ഇടയ്ക്കുള്ള മൂത്രശങ്ക, ഉറക്കപ്രശ്നങ്ങൾ
ഇവയെല്ലാം പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളാകാം. വളരെ സാവകാശം മാത്രം പ്രകടമാകുന്നതിനാൽ പലരും ഇത് തിരിച്ചറിയാറില്ല.
ഭക്ഷണം കഴിക്കുമ്പോൾ അന്നജത്തിന് (കാർബ്സ്) മുൻപായി പ്രോട്ടീനോ സാലഡോ കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം സാവധാനത്തിലാക്കാൻ സഹായിക്കും. വെറുതെ ചായയിലെ മധുരം കുറയ്ക്കാതെ കൃത്യമായ ഉറക്കം, വ്യായാമം, ആരോഗ്യകരമായ ശരീരഭാരം, സമ്മർദമില്ലാത്ത ജീവിതം എന്നിവ ഉറപ്പാക്കിയാൽ മാത്രമേ പ്രമേഹത്തെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.