‘ഭാരതത്തിൽ ഇരുന്ന് പാകിസ്താനി ഭക്ഷണം ഉണ്ടാക്കുന്നോ..!’; ‘പെഷവാരി ചിക്കൻ’ ഉണ്ടാക്കിയതിന് ഫിറോസ് ചുട്ടിപ്പാറയ്ക്ക് ഭീഷണി | Firoz Chuttipara row
കോഴിക്കോട്: യൂട്യൂബറും പ്രമുഖ ഫുഡ് വ്ളോഗറുമായ ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ പാചക വീഡിയോയില്‍ സൈബറാക്രമണവും അധിക്ഷേപവും(Firoz Chuttipara row). ഫിറോസിന്റെ പ്രശസ്തമായ ‘വില്ലേജ് ഫുഡ് ചാനലിൽ’ കഴിഞ്ഞ ദിവസം പങ്കുവെച്ച ‘പെഷവാരി ചിക്കൻ ചാർഗ’ എന്ന പാകിസ്താനി വിഭവം തയാറാക്കുന്ന വീഡിയോ ആണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
‘ആവിയിൽ വേവിച്ചെടുക്കുന്ന, പാകിസ്താനിൽ വളരെ പ്രശസ്തമായ ഒരു റെസിപ്പിയാണ് ഇന്ന് നമ്മൾ തയ്യാറാക്കുന്നത്’ എന്ന് ഫിറോസ് വീഡിയോയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ചിക്കൻ മുഴുവനോടെ മസാല പുരട്ടി ആവിയിൽ വേവിച്ചെടുക്കുന്ന വ്യത്യസ്തമായ ഈ വിഭവം നിരവധി പേർ ലൈക്ക് ചെയ്യുകയും റീച്ച് നേടുകയും ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റ് ചെയ്തും തങ്ങളുടെ ഇഷ്ടം പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഫിറോസിനും വില്ലേജ് ഫുഡ് ചാനലിനും നേരെ കമന്റ് ബോക്‌സിൽ ഭീഷണികളും അധിക്ഷേപങ്ങളും ഉയരുന്നുണ്ട്.

‘ഇനി മേലിൽ പാകിസ്താൻ വിഭവങ്ങൾ ഇടരുത്’ | Firoz Chuttipara row
പാകിസ്താനി വിഭവം ഇന്ത്യയിലിരുന്ന് ഉണ്ടാക്കിയതിനെ ചോദ്യം ചെയ്താണ് കമന്റുകളിൽ ഭൂരിഭാഗവും. ‘ശ്രീരാമന്റെ ഈ ഭാരതത്തിൽ പാകിസ്താനി ഭക്ഷണം ഉണ്ടാക്കുവാൻ നാണമില്ലേ!’, ‘ഇനി മേലിൽ പാകിസ്താൻ വിഭവങ്ങൾ ഇടരുത്’, ‘പാകിസ്താൻ റെസിപ്പി ചെയ്യണമെങ്കിൽ പാകിസ്താനിലേക്ക് പൊയ്ക്കൂടേ’ തുടങ്ങിയ അങ്ങേയറ്റം പ്രകോപനപരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ‘പാകിസ്താന്റെ റെസിപ്പി ആയതുകൊണ്ട് ഞങ്ങൾ ഭാരതീയർ ഇത് കാണില്ല’ എന്നും ചിലർ പരിഹാസത്തോടെയും കുറിച്ചിട്ടുണ്ട്.
അതേസമയം, ഭക്ഷണത്തെയും രാഷ്ട്രീയത്തെയും വെറുപ്പിനെയും ഒന്നിച്ച് കാണരുതെന്ന് ആവശ്യപ്പെട്ട് ഫിറോസിന് പിന്തുണയുമായും നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. താൽപര്യമില്ലാത്തവർ വീഡിയോ കാണേണ്ടെന്ന്, ചിലർ വിദ്വേഷ കമന്റുകൾക്ക് മറുപടിയും നൽകുന്നുമുണ്ട്.

ഭക്ഷണ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഫിറോസ് ചുട്ടിപ്പാറയ്ക്ക് നേരെ മുൻപും ചില വിഡിയോകളുടെ പേരിൽ സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. നേരത്തെ, ‘വറുത്തരച്ച മയിൽ കറി’ എന്ന പേരിൽ ചെയ്ത വീഡിയോ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
‘പെഷവാരി ചിക്കൻ ചാർഗ’ എങ്ങനെ തയാറാക്കാം? | Firoz Chuttipara row
പാകിസ്താനിലെ പെഷവാർ, ലാഹോർ മേഖലകളിൽ അതീവ ജനപ്രീതിയാർജിച്ച പരമ്പരാഗത വിഭവമാണ് ചിക്കൻ ചാർഗ. സാധാരണ ചിക്കൻ വിഭവങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ ഐറ്റം തയാറാക്കുന്നതിന്റെ ചെറിയ രീതി പറയാം:
കോഴി കഷണങ്ങളാക്കി മുറിക്കാതെ, മുഴുവനോടെയാണ് ഈ വിഭവം തയാറാക്കുന്നത്. മസാലകൾ ഉള്ളിലേക്ക് നന്നായി പിടിക്കുന്നതിനായി ചിക്കന്റെ മേൽ ആഴത്തിൽ വരകൾ ഇടുന്നു.
ചാർഗയുടെ ഏറ്റവും വലിയ പ്രത്യേകത ഇത് ഒരേസമയം ഫ്രൈ ചെയ്യുകയും അതോടൊപ്പം ആവിയിൽ വേവിക്കുകയും ചെയ്യുന്നു എന്നതാണ്. വീഡിയോയിൽ ഫിറോസ് വിശദീകരിക്കുന്നതുപോലെ, ആദ്യം ചിക്കൻ എണ്ണയിൽ ചെറുതായി ഒന്ന് വറുത്തെടുത്ത ശേഷമാണ് മസാലകൾ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്നത്. ഇത് മാംസം അതീവ മൃദുവാകാൻ സഹായിക്കുന്നു.
പ്രത്യേക മസാലക്കൂട്ട്: പെരുംജീരകം, ചെറിയ ജീരകം, പച്ചമല്ലി, ഉലുവ, കടുക്, കസൂരി മേത്തി എന്നിവ വറുത്തുപൊടിച്ച പ്രത്യേക മസാലയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതോടൊപ്പം കട്ടത്തൈര്, ചില്ലി ഫ്‌ലേക്‌സ്, കരിഞ്ചീരകം, നാരങ്ങാനീര് എന്നിവ ചേർത്താണ് രണ്ടാമത്തെ മസാലക്കൂട്ട് തയ്യാറാക്കുന്നത്.
ആവി പറക്കുന്ന സോഫ്റ്റ്നെസ്: എണ്ണയിൽ മാത്രം വേവിക്കുന്ന വിഭവങ്ങളെ അപേക്ഷിച്ച് ആവിയിൽ വേവിക്കുന്നതിനാൽ ചിക്കൻ ജ്യൂസിയും സോഫ്റ്റുമായിരിക്കും. പൊറോട്ടയോ റൊട്ടിയോ പോലെയുള്ള വിഭവങ്ങൾക്കൊപ്പമോ അല്ലെങ്കിൽ വെറുതെയോ ഇത് കഴിക്കാവുന്നതാണ്.