ബട്ടറോ നെയ്യോ? ആരോഗ്യത്തിനും പാചകത്തിനും മികച്ചതേത്
സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പലരെയും അലട്ടുന്ന പ്രധാന സംശയങ്ങളിലൊന്നാണ് ബട്ടറാണോ നെയ്യാണോ വാങ്ങേണ്ടത് എന്നത്. രണ്ടും പാലിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. രുചി, പാചകരീതി, സൂക്ഷിച്ചുവെക്കുന്ന രീതി, ആരോഗ്യഗുണങ്ങൾ എന്നിവയിലെല്ലാം ഇവ വ്യത്യസ്തത പുലർത്തുന്നു.
ഉത്പാദനവും പാചകരീതിയും
പാലിലെ കൊഴുപ്പ് കടഞ്ഞെടുത്ത് ഉണ്ടാക്കുന്നതാണ് ബട്ടർ (വെണ്ണ). ഇതിൽ ഏകദേശം 20 ശതമാനത്തോളം വെള്ളവും പാൽ ഖരപദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. എന്നാൽ ബട്ടർ ചൂടാക്കി അതിലെ വെള്ളവും പാൽ ഖരപദാർത്ഥങ്ങളും പൂർണമായും മാറ്റിയെടുക്കുന്നതാണ് നെയ്യ്. അതായത്, നെയ്യ് നൂറുശതമാനവും ശുദ്ധമായ കൊഴുപ്പാണ്.
ഉയർന്ന സ്മോക്ക് പോയിന്റുള്ളതിനാൽ വറുക്കാനും പൊരിക്കാനും നെയ്യാണ് ഏറ്റവും അനുയോജ്യം. എന്നാൽ ഉയർന്ന ചൂടിൽ ബട്ടർ പെട്ടെന്ന് കരിഞ്ഞുപോകും. അതിൽ അടങ്ങിയിട്ടുള്ള പാൽ ഖരപദാർത്ഥങ്ങളാണ് ഇതിന് കാരണം. അതിനാൽ കേക്കുകൾ ഉണ്ടാക്കാനും, ബ്രെഡിൽ പുരട്ടാനും, കുറഞ്ഞ തീയിൽ പാചകം ചെയ്യാനും ബട്ടർ ഉപയോഗിക്കാം.
രുചിയും സൂക്ഷിക്കുന്ന രീതിയും
നെയ്യ്ക്ക് തനതായ സുഗന്ധവും വറുത്തതുപോലെയുള്ള രുചിയുമാണുള്ളത്. ഇത് ഇന്ത്യൻ വിഭവങ്ങൾക്കും ബിരിയാണിക്കും മധുരപലഹാരങ്ങൾക്കും പ്രത്യേക സ്വാദ് നൽകുന്നു. ക്രീമിയായ രുചിയുള്ള ബട്ടർ വിപണിയിൽ ഉപ്പിട്ടതും ഉപ്പില്ലാത്തതുമായ രൂപങ്ങളിൽ ലഭ്യമാണ്.
ജലാംശം ഇല്ലാത്തതിനാൽ നെയ്യ് മാസങ്ങളോളം ഫ്രിജിൽ വെക്കാതെ സാധാരണ താപനിലയിൽ കേടുകൂടാതെ സൂക്ഷിക്കാം. എന്നാൽ ജലാംശമുള്ളതിനാൽ ബട്ടർ പുറത്തുവെച്ചാൽ പെട്ടെന്ന് കേടാകും, അതുകൊണ്ട് ഇത് എപ്പോഴും ഫ്രിജിൽ തന്നെ സൂക്ഷിക്കണം.
ആരോഗ്യഗുണങ്ങൾ
പാലിലെ ലാക്ടോസ് ഘടകങ്ങളോട് അലർജിയുള്ളവർക്ക് ബട്ടറിനേക്കാൾ സുരക്ഷിതം നെയ്യാണ്. നെയ്യ് തയാറാക്കുമ്പോൾ ലാക്ടോസും പ്രോട്ടീനുകളും പൂർണമായും നീക്കം ചെയ്യപ്പെടുന്നതിനാൽ ഇത് ദഹനത്തിന് ഏറെ നല്ലതാണ്. രണ്ടിനും ഉയർന്ന കലോറിയും കൊഴുപ്പും ഉണ്ടെങ്കിലും ആയുർവേദത്തിൽ നെയ്യിന് വലിയ പ്രാധാന്യമുണ്ട്. മിതമായ അളവിൽ ഉപയോഗിക്കുകയാണെങ്കിൽ ഇവ രണ്ടും ആരോഗ്യത്തിന് ഗുണം ചെയ്യും.