മെലോണിക്ക് തന്നോട് അമിത താല്പര്യം, നിശ്ചിത അകലം പാലിക്കണം; ചിത്രം പങ്കുവെച്ച് പരിഹാസവുമായി ട്രംപ്
ജോർജിയ മെലോണി, ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് വീണ്ടും കനക്കുന്നു. മെലോണി തന്നോട് അമിത താല്പര്യം കാണിക്കുന്നുവെന്നും, ഇതിനെതിരെ അവരുമായി നിശ്ചിത അകലം പാലിക്കണമെന്ന ഉത്തരവ് (Restraining Order) വേണമെന്നുമാണ് ട്രംപിന്റെ പുതിയ പരിഹാസം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
തുർക്കിയിൽ നടക്കാനിരിക്കുന്ന ജി7, നാറ്റോ ഉച്ചകോടികൾക്ക് മുന്നോടിയായാണ് ട്രംപിന്റെ ഈ വിവാദ പോസ്റ്റ്. തന്നോട് കടുത്ത ആരാധനയാണെന്ന് വരുത്തിത്തീർക്കുന്ന രീതിയിൽ മെലോണി തന്നെ കൗതുകത്തോടെ നോക്കിനിൽക്കുന്ന ഒരു ചിത്രവും ട്രംപ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ ഈ ഓൺലൈൻ പരാമർശം ഇതിനകം വലിയ ആഗോള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ഉച്ചകോടിയിൽ ഇരുവരും ഒന്നിച്ച് പങ്കെടുക്കാനിരിക്കെ ഇത്തരം വ്യക്തിപരമായ കടന്നാക്രമണം വന്നത് അമേരിക്ക-ഇറ്റലി ബന്ധത്തെയും ഉച്ചകോടിയിലെ നയതന്ത്ര ചർച്ചകളെയും ബാധിക്കുമോയെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
മുൻപും രാഷ്ട്രീയ എതിരാളികളെയും ആഗോള നേതാക്കളെയും പരിഹസിക്കുന്ന തരത്തിൽ ട്രംപ് നിരവധി പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെ ഉൾപ്പെടുത്തിയുള്ള ചിത്രങ്ങൾ പങ്കുവെച്ചതും വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മെലോണിയെ ലക്ഷ്യമിട്ടുള്ള നീക്കം. തന്നോടൊപ്പം ഫോട്ടോ എടുക്കണമെന്ന് മെലോണി നിരന്തരം ആവശ്യപ്പെട്ടുവെന്നും ഒന്നിച്ചുള്ള ചിത്രത്തിനായി യാചിച്ചുവെന്നും ട്രംപ് മുൻപ് ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇരുവരും തമ്മിൽ നേരത്തെയും വാക് തർക്കങ്ങൾ നിലനിന്നിരുന്നു.