21/07/2026
[fontresizer_tawhidurrahmandear_widget]

ശ്രീലങ്കയിൽ തടവുകാർ തമ്മിൽ സംഘർഷം; 25 മരണം, 100-ഓളം പേർക്ക് പരിക്ക്

 ശ്രീലങ്കയിൽ തടവുകാർ തമ്മിൽ സംഘർഷം; 25 മരണം, 100-ഓളം പേർക്ക് പരിക്ക്

കൊളംബോ: ശ്രീലങ്കയിലെ നെഗോംബോയിലുള്ള അതീവ സുരക്ഷാ ജയിലിലുണ്ടായ തടവുകാരുടെ കൂട്ടത്തല്ലിൽ 25 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരിൽ ജയിൽ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രീലങ്കൻ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ജയിലിൽ ഞായറാഴ്ചയാണ് സംഘർഷം ആരംഭിച്ചത്. തിങ്കളാഴ്ചയോടെ ഇത് വൻ കലാപമായി മാറുകയായിരുന്നു. അമിതമായി തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിലെ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കലാപത്തിനിടെ തടവുകാർ ജയിലിലെ തോക്കുകൾ പിടിച്ചെടുത്തതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. മയക്കുമരുന്ന് കടത്തിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തെ തുടർന്ന് ജയിലിന് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തുകയും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ (STF) വിന്യസിക്കുകയും ചെയ്തു. സംഘർഷത്തിൽ പങ്കാളികളായ മൂന്ന് തടവുകാരെ പല്ലൻസേന ജയിൽ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജയിൽ കമ്മീഷണർ ജനറലിന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ചതായി ജയിൽ വകുപ്പ് വക്താവ് എ.സി ഗജനായക അറിയിച്ചു. ജയിൽ അക്രമത്തെക്കുറിച്ച് അടിയന്തരമായി വിശദമായ റിപ്പോർട്ട് നൽകാൻ നീതിന്യായ മന്ത്രി ഹർഷണ നാനായക്കര ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: