24/07/2026
[fontresizer_tawhidurrahmandear_widget]

രണ്ട് പതിറ്റാണ്ട് നീണ്ട ഹമാസ് ഭരണം അവസാനിക്കുന്നു; ഗസ്സയിൽ അധികാരം പുതിയ ഭരണസമിതിക്ക് കൈമാറും

 രണ്ട് പതിറ്റാണ്ട് നീണ്ട ഹമാസ് ഭരണം അവസാനിക്കുന്നു; ഗസ്സയിൽ അധികാരം പുതിയ ഭരണസമിതിക്ക് കൈമാറും

ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തുടർന്നുപോരുന്ന തങ്ങളുടെ ഭരണസമിതിയെ പിരിച്ചുവിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫലസ്‌തീൻ സായുധ സംഘടനയായ ഹമാസ്. പ്രദേശത്ത് സിവിൽ ഭരണം നടപ്പിലാക്കുന്നതിനായി രൂപീകരിച്ച പുതിയ ‘ടെക്നോക്രാറ്റിക്’ കമ്മിറ്റിക്ക് പൂർണ്ണ അധികാരം കൈമാറുന്നതിൻ്റെ ഭാഗമായാണ് ഹമാസ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഗസ്സയിലെ ഭരണപരമായ ചുമതലകളിൽനിന്ന് ഹമാസ് പൂർണ്ണമായും പിന്മാറും.

ഹമാസ് ഗവൺമെന്റ്റ് എമർജൻസി കമ്മിറ്റി മേധാവി മുഹമ്മദ് അൽ ഫറ ഔദ്യോഗികമായി രാജി സമർപ്പിച്ചതായും, പുതിയ ഭരണമാറ്റങ്ങൾ വേഗത്തിലാക്കാൻ നിലവിലെ കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചതായും ഹമാസ് മീഡിയ ഓഫീസ് തലവൻ ഇസ്‌മായിൽ അൽ-തവാബ്‌ത സ്ഥിരീകരിച്ചു. 2006-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഏതാണ്ട് 20 വർഷമായി ഗസ്സ നിയന്ത്രിക്കുന്നത് ഹമാസ് ആണ്. ഈ ഭരണത്തിനാണ് ഇപ്പോൾ ഔദ്യോഗികമായി അവസാനമാകുന്നത്. നാഷണൽ കമ്മിറ്റി ഫോർ അഡ്‌മിനിസ്ട്രേഷൻ ഓഫ് ഗാസ (എൻ.സി.എ.ജി) എന്ന പുതിയ സമിതിയായിരിക്കും ഇനിമുതൽ ഗസ്സയുടെ ഭരണച്ചുമതലകൾ നിർവഹിക്കുക.

2025 ഒക്ടോബറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിൽ ഒപ്പുവെച്ച വെടിനിർത്തൽ-സമാധാന കരാറുകളുടെ അടിസ്ഥാനത്തിലാണ് എൻ.സി.എ.ജി രൂപവത്കരിച്ചത്. എന്നാൽ അധികാര കൈമാറ്റം എപ്പോൾ പൂർത്തിയാകുമെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഗസ്സയിൽനിന്നുള്ള ഇസ്രയേൽ സൈന്യത്തിന്റെ പൂർണ്ണമായ പിന്മാറ്റം, ഹമാസിനെ പൂർണ്ണമായും നിരായുധീകരിക്കൽ തുടങ്ങിയ കരാറിലെ സുപ്രധാന വ്യവസ്ഥകളെച്ചൊല്ലി ഇരുവിഭാഗങ്ങൾക്കുമിടയിൽ ഇപ്പോഴും കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുകയാണ്.

കൂടാതെ, പുതിയ ഭരണസമിതിയായ എൻ.സി.എ.ജിയിലെ അംഗങ്ങളെ ഗസ്സയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇസ്രയേൽ തടയുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഈ തർക്കങ്ങളും നിയന്ത്രണങ്ങളും യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ഗസ്സയിലേക്കുള്ള ജീവൻരക്ഷാ സഹായങ്ങൾ എത്തിക്കുന്നതിനും വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

Also read: