22/07/2026
[fontresizer_tawhidurrahmandear_widget]

സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി; മൊബൈല്‍ റീചാര്‍ജിന് ഇനി ചെലവേറും, 15 ശതമാനം വരെ കൂടിയേക്കും

 സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി; മൊബൈല്‍ റീചാര്‍ജിന് ഇനി ചെലവേറും, 15 ശതമാനം വരെ കൂടിയേക്കും

ന്യൂഡൽഹി: ഇന്ധന-പാചകവാതക വിലവർധനവിന് പിന്നാലെ സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് തകർത്ത് രാജ്യത്ത് മൊബൈൽ റീചാർജ് നിരക്കുകൾ വീണ്ടും ഉയർന്നേക്കുമെന്ന് റിപ്പോർട്ട്. അടുത്ത മൂന്ന് മുതൽ നാല് മാസത്തിനകം ടെലികോം കമ്പനികൾ നിരക്കുകളിൽ 12 മുതൽ 15 ശതമാനം വരെ വർധനവ് വരുത്തിയേക്കാമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ചിന്റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.

ടെലികോം വിപണിയിൽ നിലവിലുള്ള കമ്പനികളുടെ ഏകീകരണമാണ് നിരക്ക് വർധിപ്പിക്കാൻ ഇവർക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. നിലവിൽ മൂന്ന് സ്വകാര്യ കമ്പനികളും ഒരു പൊതുമേഖലാ കമ്പനിയും മാത്രമാണ് ഈ രംഗത്ത് സജീവമായിട്ടുള്ളത്. 2ജി ഉപഭോക്താക്കൾ വൻതോതിൽ 4ജി, 5ജി സേവനങ്ങളിലേക്ക് മാറുന്നതും പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും കമ്പനികൾക്ക് നേട്ടമാകുന്നുണ്ട്. വോഡഫോൺ ഐഡിയയെ (Vi) പിന്നിലാക്കി ഭാരതി എയർടെല്ലും റിലയൻസ് ജിയോയും തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കുന്നത് തുടരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിയോയും എയർടെലും ഇപ്പോൾത്തന്നെ രാജ്യത്തെ 90 ശതമാനം ജില്ലകളിലും 5ജി സേവനം എത്തിച്ചുകഴിഞ്ഞു. ഡാറ്റാ ഉപയോഗം കൂട്ടുക വഴി ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) ഉയർത്തുകയാണ് കമ്പനികളുടെ ലക്ഷ്യം.

മൊബൈൽ കമ്പനികൾ 2024-ലാണ് രാജ്യത്ത് റീചാർജ് നിരക്കുകളിൽ 19 മുതൽ 21 ശതമാനം വരെ വലിയ വർധനവ് വരുത്തിയത്. തുടർന്ന് 2025-ൽ കമ്പനികൾ തങ്ങളുടെ അടിസ്ഥാന പ്ലാനുകളിൽ കാതലായ മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഭാഗമായി ജിയോയും എയർടെലും തങ്ങളുടെ കുറഞ്ഞ നിരക്കിലുള്ള എൻട്രി ലെവൽ ഡാറ്റാ പ്ലാനുകൾ പിൻവലിച്ചിരുന്നു. ജിയോയുടെ പ്രതിദിനം 1 ജിബി ഡാറ്റ നൽകിയിരുന്ന 209 രൂപ, 249 രൂപ പ്ലാനുകളും, എയർടെലിന്റെ 249 രൂപ പ്ലാനുമാണ് നിർത്തലാക്കിയത്. കുറഞ്ഞ പ്ലാനുകൾ ഒഴിവാക്കി ഉപഭോക്താക്കളെ പ്രതിദിനം 1.5 ജിബി ഡാറ്റയുള്ള വലിയ പ്ലാനുകളിലേക്ക് മാറ്റാനും അതിലൂടെ വരുമാനം വർധിപ്പിക്കാനുമാണ് കമ്പനികൾ ഇപ്പോൾ ശ്രമിക്കുന്നത്.

Also read: