പി.എം ശ്രീ; ‘കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ല’; പിണറായിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് പിണറായി വിജയൻ്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ അമരക്കാരനുമായിരുന്ന രതീഷ് കാളിയാടന്റെ ലേഖനം. കേന്ദ്ര സർക്കാരുമായി ഒപ്പുവെച്ച പി.എം ശ്രീ കരാറിൽ നിന്നും സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്നും, എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ കരാർ ഒപ്പിട്ടത് വലിയ അപാകതയാണെന്നും അദ്ദേഹത്തിന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ ഇതിൽ നിന്ന് നിയമപരമായി പിന്മാറാൻ കഴിയുമോ എന്ന കാര്യം വിദഗ്ധർ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ വ്യവസ്ഥകൾ പ്രകാരം, പൊതുതാൽപ്പര്യം മുൻനിർത്തി 30 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള പൂർണ്ണ അധികാരം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ ആൻഡ് ലിറ്ററസിക്ക് മാത്രമാണുള്ളത്. അതിനാൽ സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് ഈ കരാറിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നാണ് ലേഖനത്തിലെ പ്രാഥമിക നിരീക്ഷണം.
പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകളും അദ്ദേഹം എടുത്തുകാണിക്കുന്നുണ്ട്. സാധാരണഗതിയിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളിൽ വകുപ്പുതലത്തിലുള്ള തീരുമാനങ്ങൾ മാത്രം മതിയാകും. എന്നാൽ പി.എം ശ്രീ പദ്ധതിയുടെ കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നു. അന്ന് ചില മന്ത്രിമാർ ഇതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് മാറ്റിവെച്ച ഈ വിഷയം, പിന്നീട് മന്ത്രിസഭയുടെ അംഗീകാരം വീണ്ടും നേടാതെ 2025 ഒക്ടോബർ 25-ന് ഒപ്പുവെച്ചത് ഒരു അപാകതയായി കണക്കാക്കാം. പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതിനേക്കാൾ, സമഗ്ര ശിക്ഷാ കേരളത്തിന് അർഹതപ്പെട്ട ഫണ്ട് നേടിയെടുക്കുക എന്നത് മാത്രമായിരുന്നു ഈ കരാറിൽ ഒപ്പിട്ടതിന് പിന്നിലെ സർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഇത് മനസ്സിലാക്കാതെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും ഒരുപോലെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ ഈ നടപടി മരവിപ്പിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി 2025 നവംബർ 12-ന് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും രതീഷ് കാളിയാടൻ വിശദമാക്കുന്നു.