22/07/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ ഗാന്ധിജിയല്ല, തടസ്സം നിന്നാൽ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ’; കോടതിയിൽ വെല്ലുവിളിച്ച് ഇരട്ടക്കൊലക്കേസ് പ്രതി

 ‘ഞാൻ ഗാന്ധിജിയല്ല, തടസ്സം നിന്നാൽ ആരായാലും കൊല്ലും; എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ’; കോടതിയിൽ വെല്ലുവിളിച്ച് ഇരട്ടക്കൊലക്കേസ് പ്രതി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ചെന്താമര കോടതിയിൽ ജഡ്ജിയെ വെല്ലുവിളിച്ചു. “എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ, ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ചുതരാൻ ഞാൻ ഗാന്ധിജിയല്ല. എനിക്ക് തടസ്സം നിൽക്കുന്നത് ആരായാലും അവരോടുള്ള പെരുമാറ്റം ഇങ്ങനെയായിരിക്കും, വേണ്ടി വന്നാൽ മറ്റുള്ളവരെയും കൊല്ലും” എന്നായിരുന്നു പ്രതിയുടെ പ്രതികരണം. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ, എന്തെങ്കിലും പറയാനുണ്ടോ എന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ചോദിച്ചപ്പോഴാണ് പ്രതി കോടതിമുറിയിൽ പ്രകോപനപരമായി സംസാരിച്ചത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടും കോടതി ചൂണ്ടിക്കാട്ടി. കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുന്നത് കോടതി വരും ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ കൊടുവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിലെ ചെന്താമര (59) ഇപ്പോൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം നടന്ന് ഒന്നരവർഷം കഴിയുമ്പോഴാണ് കേസിൽ വിധി വരുന്നത്. പ്രതിയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.

നേരത്തെ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇതേ കോടതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മയെയും പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 30-ന് കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു.

Also read: