ഗർഭിണിയായ ഭാര്യ ജീവനൊടുക്കി; ദോഹയിൽനിന്ന് തിരിച്ച ഭർത്താവ് ലോഡ്ജിൽ മരിച്ചനിലയിൽ
ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ് സനുക്കുട്ടനെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സനുക്കുട്ടൻ്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) രണ്ടു ദിവസം മുൻപ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂന്ന് മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.
നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഒരു മാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി വിദേശത്തേക്ക് പോയത്. ഭാര്യയുടെ മരണവിവരം അറിഞ്ഞതിനെ തുടർന്ന് സനുക്കുട്ടൻ ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. കണക്ഷൻ ഫ്ലൈറ്റിൽ ബെംഗളൂരു വഴി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നാണ് ഇയാൾ വീട്ടുകാരെ അറിയിച്ചിരുന്നത്.
ഇതനുസരിച്ച് സഹോദരനും ബന്ധുക്കളും നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി പൊലീസിലും മലയാളി അസോസിയേഷനിലും വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയ വിവരം അറിയുന്നത്. ബന്ധുക്കളെത്തിയാണ് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചത്. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.