21/07/2026
[fontresizer_tawhidurrahmandear_widget]

‘നിങ്ങൾ വഞ്ചിതരാകരുത്, മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പരരും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു’; പരീക്ഷാ തട്ടിപ്പിൽ ന്യായീകരണവുമായി പിഎസ്‌സി ഉദ്യോഗസ്ഥ

 ‘നിങ്ങൾ വഞ്ചിതരാകരുത്, മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പരരും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു’; പരീക്ഷാ തട്ടിപ്പിൽ ന്യായീകരണവുമായി പിഎസ്‌സി ഉദ്യോഗസ്ഥ

എറണാകുളം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് നടത്തിയ പിഎസ്‌സി പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ന്യായീകരണവുമായി പിഎസ്‌സി സെക്ഷൻ ഓഫീസറും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വിവരങ്ങൾ നൽകാൻ രൂപീകരിച്ച പ്രത്യേക സെല്ലിലെ അംഗവുമായ സന്ധ്യപ്രഭ രംഗത്ത്. ഉദ്യോഗാർഥികളുടെ പരാതികളിൽ കഴമ്പില്ലെന്നും മാധ്യമങ്ങളും രാഷ്ട്രീയ താൽപ്പര്യക്കാരും ചേർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷനെതിരെ വ്യാജവാർത്തകൾ ചമച്ച് ഉദ്യോഗാർഥികളുടെ ആത്മവിശ്വാസം തകർക്കുകയാണെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ആസൂത്രണ ബോർഡ് ചീഫ് തസ്തികയുടെ മൂല്യനിർണയത്തിൽ ചില ചോദ്യങ്ങൾ വിട്ടുപോയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് സമ്മതിച്ച അവർ, ഇത് സാങ്കേതിക തകരാർ മൂലം സംഭവിച്ചതാണെന്നും തിരുത്തുക മാത്രമാണ് ഇതിന് പരിഹാരമെന്നും വ്യക്തമാക്കി. പൊതുപരീക്ഷയായതിനാലാണ് ഈ തസ്തികയുടെ മാർക്കുകൾ നേരത്തെ പ്രസിദ്ധീകരിക്കാൻ കഴിയാതിരുന്നതെന്നും, ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമാക്കാനുള്ള സംവിധാനം പിഎസ്‌സിയിൽ ഉള്ളത് ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിക്കാനാണെന്നും അവർ കുറിച്ചു. പിഎസ്‌സിക്ക് ഒരന്വേഷണത്തെയും ഭയമില്ലെന്നും ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ശേഷമാണ് തുടരന്വേഷണം നടത്തുന്നതെന്നും പോസ്റ്റിൽ പറയുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഹെഡ് ഓഫ് സെക്ഷൻ തസ്തികയിലെ റാങ്ക് ലിസ്റ്റ് വിവാദം, പാലക്കാട് എൽപി സ്കൂൾ ടീച്ചർ നിയമന വിവാദം എന്നിവയിലും മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവെക്കുകയാണെന്ന് സന്ധ്യപ്രഭ കുറ്റപ്പെടുത്തി. നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് ഹെഡ് ഓഫ് സെക്ഷൻ തസ്തികയിൽ ഒരു ഉദ്യോഗാർഥി പുറത്തായത്. എൽപി സ്കൂൾ തസ്തികയിൽ ഭിന്നശേഷി സംവരണ വിഭാഗത്തിൽപ്പെട്ട 8 പേർക്ക് രാജ്യത്തെ നിയമപ്രകാരം നിയമനം നൽകിയതിനാലാണ് ഒന്നാം റാങ്കുകാരിക്ക് നിയമന ശുപാർശ ലഭിക്കാതിരുന്നതെന്നും അവർ വിശദീകരിച്ചു.

അഴിമതിയും സ്വജനപക്ഷപാതവുമില്ലാതെ പ്രവർത്തിക്കുന്ന സംവിധാനമാണ് പിഎസ്‌സിയുടേതെന്നും, ലക്ഷക്കണക്കിന് അപേക്ഷകരുള്ളതിനാൽ അസംതൃപ്തരാകുന്നവരാണ് സ്ഥാപനത്തിനെതിരെ സൈബർ ഇടങ്ങളിൽ രംഗത്തുവരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പിഎസ്‌സിയിൽ നിന്ന് വിരമിച്ച ചിലർ വ്യക്തിപരമായ ഇച്ഛാഭംഗം മൂലം ഇതിനെതിരെ നെഗറ്റീവ് കമന്റുകളുമായി വന്നേക്കാമെന്നും, ഉദ്യോഗാർഥികൾ ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും ആത്മവിശ്വാസത്തോടെ പഠനം തുടരണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

Also read: