26/07/2026
[fontresizer_tawhidurrahmandear_widget]

പരീക്ഷാ തട്ടിപ്പുകൾക്ക് കൂച്ചുവിലങ്ങിടാൻ കേന്ദ്രം; 10 വർഷം തടവും 10 കോടി പിഴയും ഉറപ്പാക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം

 പരീക്ഷാ തട്ടിപ്പുകൾക്ക് കൂച്ചുവിലങ്ങിടാൻ കേന്ദ്രം; 10 വർഷം തടവും 10 കോടി പിഴയും ഉറപ്പാക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ചോദ്യപ്പേപ്പർ ചോർച്ചയും തടയുന്നതിനായി വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കേന്ദ്ര സർക്കാർ തയ്യാറാക്കിയ ‘പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026’-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഈ ബില്ലിന് മുൻഗണന നൽകണമെന്നും, വരുന്ന തിങ്കളാഴ്ച തന്നെ ഇത് ലോക്സഭയിൽ അവതരിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

പുതിയ ഭേദഗതി പ്രകാരം പരീക്ഷാ ക്രമക്കേടുകളിൽ കുറ്റക്കാരായവർക്ക് നിലവിലുള്ള മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള ശിക്ഷാ കാലാവധി അഞ്ച് മുതൽ പത്ത് വർഷം വരെയായി വർദ്ധിപ്പിച്ചു. പരമാവധി പിഴത്തുക 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷം രൂപയാക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സംഘടിതമായ പരീക്ഷാ ക്രമക്കേടുകളിൽ ഏർപ്പെടുന്നവർക്ക് കുറഞ്ഞത് ഏഴ് വർഷം തടവും 10 കോടി രൂപ പിഴയുമാണ് പുതിയ നിയമം വിഭാവനം ചെയ്യുന്നത്. കൂടാതെ, വീഴ്ച വരുത്തുന്ന സർവീസ് പ്രൊവൈഡർമാർക്ക് അഞ്ച് കോടി രൂപ വരെ പിഴ ചുമത്താനും, എട്ട് വർഷത്തേക്ക് പരീക്ഷാ നടത്തിപ്പിൽ നിന്ന് വിലക്കാനും ബില്ലിൽ ശുപാർശയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ഡയറക്ടർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും അഞ്ച് കോടി രൂപ പിഴയും ലഭിച്ചേക്കാം.

കുറ്റകൃത്യങ്ങളിൽ വേഗത്തിൽ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കാനും ആവശ്യമെങ്കിൽ കേസുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാനും പുതിയ നിയമം അധികാരം നൽകുന്നു. അന്വേഷണം ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. കേസുകളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. ഇവിടെ എല്ലാ ദിവസവും നടപടികൾ തുടരുകയും കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയും വേണം. ഫാസ്റ്റ് ട്രാക്ക് കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നും ഭേദഗതി ബില്ലിൽ വ്യക്തമാക്കുന്നു.

Also read: