‘ജെൻ സികൾ എം.എൽ.എയും എം.പിമാരുമാകട്ടെ’; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി 21 ആക്കണമെന്ന് രേവന്ത് റെഡ്ഡി
ഹൈദരാബാദ്: നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി നിലവിലെ 25-ൽ നിന്ന് 21 വയസ്സായി കുറയ്ക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച പശ്ചാത്തലത്തിലാണ് നിയമനിർമ്മാണ സഭകളിൽ ‘ജെൻ സി’ തലമുറയുടെ സജീവ പങ്കാളിത്തം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെയും ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് തെലങ്കാന കോൺഗ്രസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഴുകുതിരി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പ്രമേയം ഉടൻ തന്നെ തെലങ്കാന നിയമസഭയിൽ അവതരിപ്പിക്കുമെന്നും അത് കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി അയക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ജെൻ സി തലമുറയിൽ നിന്നുള്ള ആളായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. പീപ്പിൾസ് പ്ലാസയിൽ നിന്ന് നെക്ലേസ് റോഡിലേക്ക് സംഘടിപ്പിച്ച റാലിയിലാണ് നിയമസഭകളിലും പാർലമെന്റിലും യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വോട്ടവകാശത്തിനുള്ള പ്രായപരിധി 21-ൽ നിന്ന് 18 ആയി കുറയ്ക്കാൻ 61-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതെന്ന് രേവന്ത് റെഡ്ഡി ഓർമ്മിപ്പിച്ചു. തുടർന്ന് പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നഗര-ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കാനുള്ള പ്രായപരിധി 25-ൽ നിന്ന് 21 ആയി കുറച്ചത്. ഈ ചരിത്രപരമായ തീരുമാനമാണ് 2020-ൽ തന്റെ 21-ാം വയസ്സിൽ ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയറാകാൻ വഴിയൊരുക്കിയതെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.
‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്ലറെ ആരാധിക്കുന്ന...
2 months ago