’17കാരിയെ ഫാം ഹൗസിൽ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചു’; കേന്ദ്രമന്ത്രിയുടെ മകന് കുരുക്ക് മുറുക്കി തെലങ്കാന എസ്‌ഐടി
ബന്ദി സഞ്ജയ് കുമാറും മകന്‍ ഭഗീരഥും, രേവന്ത് റെഡ്ഡി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ സന്ദർശനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെ, ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് തെലങ്കാന സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരെ പോക്സോ കേസിൽ തെലങ്കാന എസ്‌ഐടി അന്വേഷണം ഊർജിതമാക്കി. മന്ത്രിപുത്രൻ ബന്ദി സായ് ഭഗീരഥിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സമൻസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടുള്ള ഇടപെടലിലാണ് കേസിൽ എസ്‌ഐടി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടി വരുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 31-ന് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള മോയിനാബാദിലെ ഒരു ഫാം ഹൗസിൽ വെച്ച് തന്റെ 17 വയസ്സുള്ള മകളെ ഭഗീരഥ് പീഡിപ്പിച്ചുവെന്നാണു പരാതി. പെൺകുട്ടി എതിർത്തിട്ടും നിർബന്ധിച്ച് മദ്യം നൽകിയതായും തുടർന്ന് മുറിയിൽ അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറിയതായും പരാതിയിൽ പറയുന്നു. 18 വയസ്സ് പൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന വ്യാജേന കഴിഞ്ഞ ആറ് മാസമായി ഭഗീരഥ് പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും പരാതിയിൽ പറയുന്നുണ്ട്.
ബന്ധം പെട്ടെന്ന് അവസാനിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് പെൺകുട്ടി കടുത്ത മാനസിക ആഘാതത്തിലാണ്. കഴിഞ്ഞ ജനുവരിയിൽ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും മാതാവ് വെളിപ്പെടുത്തി. നിയമനടപടികളുമായി മുന്നോട്ട് പോയപ്പോൾ കേസ് പിൻവലിക്കാൻ വൻതോതിൽ സമ്മർദമുണ്ടായതായും അവർ ആരോപിക്കുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച ബന്ദി ഭഗീരഥ്, പെൺകുട്ടിയുടെ കുടുംബത്തിനെതിരെ കരീംനഗർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയും കുടുംബവുമായി സൗഹൃദത്തിലായിരുന്നുവെന്നും എന്നാൽ പിന്നീട് അഞ്ചു കോടി ആവശ്യപ്പെട്ട് അവർ തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഭഗീരഥിന്റെ വാദം. ഇതിനകം 50,000 രൂപ പെൺകുട്ടിയുടെ പിതാവിന് നൽകിയെന്നും, പണം നൽകിയില്ലെങ്കിൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഭഗീരഥ് ആരോപിക്കുന്നു.
പ്രധാനമന്ത്രി ഹൈദരാബാദിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത അതേ സമയത്താണ് ഈ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്നത് സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തെലങ്കാന ഡിജിപി സി.വി ആനന്ദിനെ വിളിച്ചുവരുത്തി അന്വേഷണ പുരോഗതി വിലയിരുത്തി. ഐപിഎസ് ഉദ്യോഗസ്ഥൻ ഋതിരാജിന്റെ നേതൃത്വത്തിലുള്ള എസ്ഐടി നിലവിൽ സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചു വരികയാണ്. കുറ്റം തെളിഞ്ഞാൽ ഭഗീരഥിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്ഐടി മേധാവി വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വകുപ്പുകൾക്ക് പുറമെ പോക്സോ നിയമത്തിലെ 11, 12 വകുപ്പുകൾ പ്രകാരമാണ് കേസ്.
തന്റെ മകനെതിരെയുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാറിന്റെ പ്രതികരണം. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരു നേതാവ് കേന്ദ്രമന്ത്രിയായത് സഹിക്കാനാവാത്തവരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. മോദിയുടെ സന്ദർശന വേളയിൽ തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ബോധപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഒരു പോക്സോ കേസ് പ്രതിയെ നാല് ദിവസമായിട്ടും അറസ്റ്റ് ചെയ്യാത്തത് തെലങ്കാന സർക്കാരും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബിആർഎസ് നേതാക്കളായ കെ.ടി രാമറാവുവും ടി. ഹരീഷ് റാവുവും ആരോപിച്ചു. ഭഗീരഥ് നിലവിൽ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. മുൻകൂർ ജാമ്യത്തിനായി ഭഗീരഥ് ഹൈദരാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
നേരത്തെ മഹിന്ദ്ര യൂണിവേഴ്സിറ്റിയിൽ സഹപാഠിയെ മർദിച്ച സംഭവത്തിലും ബന്ദി ഭഗീരഥ് വിവാദത്തിലായിരുന്നു. അന്ന് ആ വീഡിയോ വൈറലായെങ്കിലും പിന്നീട് ലോക് അദാലത്തിലൂടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഭഗീരഥിന് ഉള്ളതിനാൽ ഇത്തവണ പോലീസ് വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് ഒരുങ്ങുന്നത്.
‘ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാർ പശ്ചാത്തലം; ഹിറ്റ്ലറെ ആരാധിക്കുന്ന...
1 month ago