10/06/2026
[fontresizer_tawhidurrahmandear_widget]

എബോള ലക്ഷണമെന്ന് സംശയം; ഇന്ത്യയിൽ എത്തിയ സുഡാൻ പൗരൻ നിരീക്ഷണത്തിൽ

 എബോള ലക്ഷണമെന്ന് സംശയം; ഇന്ത്യയിൽ എത്തിയ സുഡാൻ പൗരൻ നിരീക്ഷണത്തിൽ

ഹൈദരാബാദ്: ഇന്ത്യയിൽ എബോള വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക വീണ്ടും ശക്തമാകുന്നു. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ എബോളാ ലക്ഷണങ്ങളോടെ രണ്ടാമതൊരു സുഡാൻ സ്വദേശിയെ കൂടി പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. 20 വയസ്സുകാരനായ വിദ്യാർത്ഥിയെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്‌ധ പരിശോധനക്കായി സർക്കാർ നിയന്ത്രണത്തിലുള്ള ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ വെള്ളിയാഴ്ച്‌ പുലർച്ചയോടെ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ പനി ഇല്ലെന്നും അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ കൂടെയുണ്ടായിരുന്ന വ്യക്തിയോട് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലങ്ങൾക്കായി കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.

നേരത്തെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ 35 വയസ്സുള്ള മറ്റൊരു സുഡാൻ സ്വദേശിയെയും സമാനമായ ലക്ഷണങ്ങളോടെ ഗാന്ധി ആശുപ്രതിയിലേക്ക് മാറ്റിയിരുന്നു. മുട്ടുവേദനക്കുള്ള ചികിത്സക്കായി എത്തിയതായിരുന്നു ഇദ്ദേഹം. വിമാനത്താവളത്തിലെ തെർമൽ സ്ക്രീനിങിൽ പനി കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വെള്ളിയാഴ്‌ച രാവിലെ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിനും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

എബോള ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രതയാണ് അധികൃതർ സ്വീകരിക്കുന്നത്. രോഗം റിപ്പോർട്ട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന് വരുന്നവരോ, ആ രാജ്യങ്ങളിലൂടെ കടന്നുവരുന്നവരോ ആയ യാത്രക്കാർ വിമാനത്താവളങ്ങളിൽ കർശന പരിശോധനക്ക് വിധേയരാകണം. ഇവർ നിശ്ചിത സ്വയം പ്രഖ്യാപന ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതും ആവശ്യമാണ്. എബോളയെ പ്രതിരോധിക്കുന്നതിനായി ഗാന്ധി ആശുപത്രിയിൽ പത്ത് കിടക്കകളുള്ള പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ടെന്ന് തെലങ്കാന സർക്കാർ അറിയിച്ചു.

വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് രോഗം, രോഗബാധിതരുടെ രക്തം, സ്രവങ്ങൾ, അവയവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്.

Also read: