17കാരിയെ ഫാം ഹൗസിൽ എത്തിച്ച് പീഡിപ്പിച്ച കേസ്’; ഒളിവിൽ പോയ കേന്ദ്ര മന്ത്രിയുടെ മകൻ പോലീസിൽ കീഴടങ്ങി
ഹൈദരാബാദ്: പതിനേഴുകാരിയെ ഫാം ഹൗസിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ മകൻ ബന്ദി ഭഗീരഥ് പോലീസിൽ കീഴടങ്ങി. പോക്‌സോ അടക്കം ചുമത്തിയ കേസിന് പിന്നാലെ ഒളിവിൽ പോയ ഭഗീരഥ് രാജ്യം വിടാതിരിക്കാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം നൽകണമെന്ന ഭഗീരഥിന്റെ ഹരജി തെലങ്കാന ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ അഭിഭാഷകർ മുഖേന ഇയാൾ പോലീസിന് മുന്നിൽ ഹാജരായത്.
നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും മകനെ പോലീസിന് കൈമാറിയ ശേഷം ബന്ദി സഞ്ജയ് പ്രതികരിച്ചു. മകൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് വിശ്വസിക്കുന്നതെന്നും രാഷ്ട്രീയ പ്രേരിതമായാണ് കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം ആരോപിച്ചു. 17 വയസ്സുകാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 8നാണ് ഹൈദരാബാദിലെ പെറ്റ് ബഷീർബാഗ് പോലീസ് ഭഗീരഥിന് എതിരെ കേസെടുത്തത്. ആദ്യഘട്ടത്തിൽ ലൈംഗിക അധിക്ഷേപത്തിനാണ് കേസെടുത്തതെങ്കിലും പിന്നീട് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോ വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേരിട്ടുള്ള ഇടപെടലിലാണ് പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ട് പോയത്. കഴിഞ്ഞ വർഷം ഡിസംബർ 31-ന് മോയിനാബാദിലെ ഒരു ഫാം ഹൗസിൽ വെച്ച് മകളെ പീഡിപ്പെച്ചു എന്നാണ് മാതാവിന്റെ പരാതി. പെൺകുട്ടിയെ നിർബന്ധിപ്പിച്ച് മദ്യം നൽകിയതായും തുടർന്ന മുറിയിൽ കയറി അപമര്യാദയായി പെരുമാറുകയായിരുന്നു. 18 വയസ്സ് പൂർത്തിയാകുമ്പോൾ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ ആറ് മാസമായി വിവിധയിടങ്ങളിൽ കൊണ്ടുപോയി ഭഗീരഥ് ലൈംഗികമായി ചൂഷണം ചെയ്തതായും പരാതിയിൽ പറയുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ ഒഴിവാക്കുകയും ഭീഷണിപ്പെടുത്തിയതായും ഇതിനെത്തുടർന്ന് പെൺകുട്ടി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും മാതാവ് വെളിപ്പെടുത്തി.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെ ഭഗീരഥിന്റെ വാദം. പെൺകുട്ടിയുടെ കുടുംബം തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുവെന്നും അതിന് തയ്യാറാകാതിരുന്നപ്പോൾ ഭീഷണിപ്പെടുത്തി 5 കോടി രൂപ ആവശ്യപ്പെട്ടുവെന്നുമാണ് ഇയാൾ ആരോപിച്ചു. കേസ് രാഷ്ട്രീയമായി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കൂടിയായ ബന്ദി സഞ്ജയ് പദവിയിലിരിക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് തെലങ്കാനയിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. നിലവിൽ കനത്ത സുരക്ഷയിലാണ് പോലീസ് ഈ കേസിൽ തുടരന്വേഷണവുമായി മുന്നോട്ട് പോകുന്നത്.