28/07/2026
[fontresizer_tawhidurrahmandear_widget]

കോട്ടയത്ത് കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം: അസം സ്വദേശിനിയുടെ പരാതിയിൽ രണ്ടുപേർ പിടിയിൽ

 കോട്ടയത്ത് കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയ സംഘം: അസം സ്വദേശിനിയുടെ പരാതിയിൽ രണ്ടുപേർ പിടിയിൽ

കോട്ടയം: തീക്കോയി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വ്യാജ കുഞ്ഞുവിൽപന മാഫിയ സംഘത്തിലെ രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി രാജ, വാഗമൺ സ്വദേശി അർജുൻ എന്നിവരാണ് പിടിയിലായത്. അസം സ്വദേശിയായ 22-കാരിയുടെ പരാതിയിലാണ് പോലീസ് നടപടി.

സന്നദ്ധ സംഘടനയുടെ പ്രവർത്തകരെന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് പ്രതികൾ ഗർഭിണിയായ യുവതിയെ തീക്കോയിയിലെത്തിച്ചത്. വാഗ്ദാനം ചെയ്ത സംരക്ഷണം നൽകുന്നതിന് പകരം, പ്രസവശേഷം കുഞ്ഞിനെ കൈമാറണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ച യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേന്ദ്രത്തിൽ മറ്റ് രണ്ട് ഗർഭിണികൾ കൂടി ഉണ്ടായിരുന്നതായി യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഭർതൃവീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങാതെ ഗർഭച്ഛിദ്രം ഉപേക്ഷിച്ച് നാടുവിട്ടതായിരുന്നു യുവതി. പ്രതികളുടെ പീഡനം സഹിക്കവയ്യാതെ ഇവർ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കസ്റ്റഡിയിലെടുത്തു.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ ഗർഭിണികളെ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടോ എന്നും മുൻപ് ഇത്തരത്തിൽ കുഞ്ഞുങ്ങളെ വിറ്റിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

Also read: