02/08/2026
[fontresizer_tawhidurrahmandear_widget]

പ്രിയപ്പെട്ടവരുടെ വിയോഗത്തിനിടയിലും തളരാത്ത മനോവീര്യം; സ്‌കൂൾ ഫൈനൽ പരീക്ഷയിൽ മികച്ച വിജയം നേടി ഗസ്സയിലെ കുട്ടികൾ

 പ്രിയപ്പെട്ടവരുടെ വിയോഗത്തിനിടയിലും തളരാത്ത മനോവീര്യം; സ്‌കൂൾ ഫൈനൽ പരീക്ഷയിൽ മികച്ച വിജയം നേടി ഗസ്സയിലെ കുട്ടികൾ

ഗസ്സ: ഇസ്രയേൽ നടത്തുന്ന വംശഹത്യക്കും കടുത്ത ദുരിതങ്ങൾക്കുമിടയിലും അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ പഠിച്ച് മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് ഗസ്സയിലെ വിദ്യാർഥികൾ. ഫലസ്‌തീനിലെ സ്‌കൂൾ അവസാന വർഷ പരീക്ഷയായ ‘തൗജിഹി’ ഫലം പുറത്തുവന്നപ്പോൾ ബോംബാക്രമണങ്ങളെയും പ്രിയപ്പെട്ടവരുടെ വിയോഗത്തെയും അതിജീവിച്ച് ഉന്നത വിജയം നേടിയ നിരവധി പേരുടെ കഥകളാണ് പുറത്തുവരുന്നത്.

ദക്ഷിണ ഗസ്സയിലെ ഖാൻ യൂനിസിലെ മൂസ കുടുംബത്തിലെ മൂന്ന് സഹോദരങ്ങളുടെ വിജയം ഇതിനൊരു ഉദാഹരണമാണ്. ബോംബാക്രമണങ്ങളും വീടൊഴിയേണ്ടി വന്ന സാഹചര്യങ്ങളും അതിജീവിച്ച് സമാ മൂസ 97.5 ശതമാനം മാർക്ക് നേടി. ശാരീരിക വെല്ലുവിളികൾ നേരിടുന്ന സഹോദരങ്ങളായ അബ്ദുല്ല 94.6 ശതമാനവും നദ 94.4 ശതമാനവും മാർക്ക് നേടിയാണ് തിളങ്ങിയത്.

വൻ ദുരന്തവും വിയോഗവേദനയും ഉള്ളിലൊതുക്കി പഠിച്ച് 86 ശതമാനം മാർക്ക് നേടിയ അൽ-ബുറൈജ് അഭയാർഥി കാമ്പിലെ താല അബു സുക്കറുടെ നേട്ടവും നാടിന് അഭിമാനമായി. മുൻപ് അമ്മയെ നഷ്ടപ്പെട്ട താലക്ക് ഈ യുദ്ധത്തിൽ പിതാവും സഹോദരങ്ങളും ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരെ നഷ്ടമായിരുന്നു.

ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രി അംജദ് ബർഹാമിന്റെ കണക്കുകൾ പ്രകാരം 89,000-ത്തോളം വിദ്യാർഥികളാണ് ഇത്തവണ തൗജിഹി പരീക്ഷ എഴുതിയത്. ഇതിൽ 36,900 പേർ ഗസ്സയിൽ നിന്നുള്ളവരാണ്. എന്നാൽ പരീക്ഷ എഴുതേണ്ടിയിരുന്ന ആയിരത്തിലധികം വിദ്യാർഥികൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഗസ്സയിലെ 97 ശതമാനത്തിലധികം സ്കൂളുകളും ആക്രമണത്തിൽ നശിച്ചതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.

ഡീർ അൽ-ബലാഹിൽ അഭയാർഥി കാമ്പുകളായി മാറിയ സ്‌കൂളുകളിൽ നിലത്ത് പായ വിരിച്ചാണ് അധ്യാപകർ കുട്ടികളെ പഠിപ്പിച്ചതും പരീക്ഷക്ക് സജ്ജരാക്കിയതും. സകലതും നഷ്ടപ്പെട്ട സാഹചര്യത്തിലും വിദ്യാഭ്യാസം തന്നെയാണ് ഭാവിയിലേക്കുള്ള വഴിയെന്ന ഉറച്ച വിശ്വാസത്തിലാണ് ഗസ്സയിലെ പുതിയ തലമുറ മുന്നോട്ട് പോകുന്നത്.

Also read: