സർക്കാരിനെതിരായ വിദ്യാർഥി രോഷം ;’ജെൻ സി’യുമായി നേരിട്ട് കൂടിക്കാഴ്ച്ചക്കൊരുങ്ങി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്
മുംബൈ: വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങൾക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള സംഭവവികാസങ്ങൾക്കും പിന്നാലെ പുതിയ തലമുറയുമായി നേരിട്ട് സംവദിക്കാൻ ഒരുങ്ങി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഇതിന്റെ ഭാഗമായി രാജ്യത്തെ നൂറിലധികം നഗരങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ‘ജെൻ സി’, ‘ജെൻ ആൽഫ’ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ആഗസ്റ്റ് ആറിന് മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ മൂവ്മെന്റ് ടു യുണൈറ്റഡ് നേഷൻസിന്റെ പതിനഞ്ചാമത് വാർഷികാഘോഷ പരിപാടിയിലാകും ഈ നിർണായക കൂടിക്കാഴ്ച നടക്കുക.
ഐ.ഐ.എം.യു.എൻ ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പതിനഞ്ചിനും പത്തൊൻപതിനും ഇടയിൽ പ്രായമുള്ള രണ്ടായിരത്തിലധികം ഹൈസ്കൂൾ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. “ലോകത്തെ ഒന്നിപ്പിക്കുന്നതിൽ യുവതയുടെ പങ്ക്, ഇന്ത്യൻ മാതൃകയിൽ” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന പ്രമേയം. സ്കൂളുകളെയും കോളേജുകളെയും പ്രതിനിധീകരിച്ച് എത്തുന്ന വിദ്യാർഥികൾ ഈ വേദിയിൽ പ്രാദേശിക, ദേശീയ, അന്തർദേശീയ വിഷയങ്ങളിൽ സുപ്രധാന ചർച്ചകൾ നടത്തും. പുതിയ തലമുറയ്ക്ക് ശരിയായ വഴികാട്ടുന്നതിനൊപ്പം അവരുടെ അഭിപ്രായങ്ങൾ കൂടി കേൾക്കുകയാണ് ഈ കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.ഐ.എം.യു.എൻ സ്ഥാപകൻ ഋഷഭ് ഷാ വ്യക്തമാക്കി.
രണ്ടായിരത്തി പതിനൊന്നിൽ സ്ഥാപിതമായ ഐ.ഐ.എം.യു.എൻ പ്രധാനമായും 15-നും 24-നും ഇടയിൽ പ്രായമുള്ള യുവാക്കൾ നേതൃത്വം നൽകുന്ന വേദിയാണ്. ഈ സംഘടനയിലൂടെ വളർന്നുവന്ന ഒട്ടേറെപ്പേർ ഇന്ന് ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, അഭിഭാഷകർ, വ്യവസായികൾ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ശശി തരൂർ എം.പി, വ്യവസായികളായ അജയ് പിരാമൽ, നാദിർ ഗോദ്റെജ്, പി.ടി ഉഷ തുടങ്ങി നിരവധി പ്രമുഖർ സംഘടനയുടെ ഉപദേശക സമിതിയിലുണ്ട്. ജന്തർമന്തറിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ കേന്ദ്രസർക്കാരിനും സംഘപരിവാറിനുമെതിരെ യുവജനങ്ങൾക്കിടയിൽ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ആർ.എസ്.എസ് മേധാവി നേരിട്ട് വിദ്യാർഥികളുമായി സംവദിക്കാൻ തയ്യാറെടുക്കുന്നത് ഏറെ ശ്രദ്ധേയമാണ്.