നാണക്കേട്! കോടികൾ ചെലവിട്ട വിമാനത്താവളം; ഉദ്ഘാടനത്തിന് പിന്നാലെ അലങ്കാരച്ചെടികൾ കടത്തി പൊതുജനം
അമരാവതി: കോടികൾ ചെലവിട്ട് നിർമ്മിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ അലങ്കാരച്ചെടികൾ കവർന്ന് പൊതുജനം. ഓഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത അത്യാധുനിക വിമാനത്താവളത്തിലാണ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.
ഉദ്ഘാടനച്ചടങ്ങുകൾ അവസാനിച്ചയുടൻ, വിമാനത്താവള പരിസരത്ത് അലങ്കാരത്തിനായി വെച്ചിരുന്ന വിലകൂടിയ പൂച്ചെടികളും ചെടിച്ചട്ടികളും ആളുകൾ കൂട്ടത്തോടെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. കാറുകളിലും ഇരുചക്രവാഹനങ്ങളിലും ചെടിച്ചട്ടികൾ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, വിമാനത്താവളത്തിന് മുൻവശത്തുള്ള ഫൗണ്ടനുകളിൽ ആളുകൾ ഇറങ്ങിക്കളിക്കുന്ന ദൃശ്യങ്ങളും വലിയ വിമർശനത്തിന് വഴിവെച്ചു.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊതുജനങ്ങളുടെ പെരുമാറ്റത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. വിദേശ നിലവാരത്തിലുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കുമ്പോൾ അത് സംരക്ഷിക്കാൻ പൊതുജനങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് പലരും ഓർമ്മിപ്പിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ജനങ്ങളിൽ പൗരബോധവും വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.