താജ്‌മഹൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് പൂജ നടത്താൻ ശ്രമം; ഹിന്ദു മഹാസഭാ പ്രവർത്തകരെ തടഞ്ഞ് പോലീസ്
ന്യൂഡൽഹി: താജ്‌മഹലിൽ പൂജ നടത്താൻ ശ്രമിച്ച ഹിന്ദു മഹാസഭാ പ്രവർത്തകരെ ആഗ്ര പോലീസ് തടഞ്ഞു. ലോകപ്രശസ്ത മുഗൾ നിർമ്മിതിയായ താജ്‌മഹൽ യഥാർത്ഥത്തിൽ ‘തേജോ മഹാലയ’ എന്ന ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ടാണ് പ്രവർത്തകർ പൂജയ്ക്കായി എത്തിയത്.
കാൻവാർ തീർത്ഥാടകരായ അഖില ഭാരത ഹിന്ദു മഹാസഭയുടെ 11 വനിതാ പ്രവർത്തകരാണ് പുണ്യമാസമായ ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച താജ്‌മഹലിൽ ജലാഭിഷേകം നടത്താൻ പദ്ധതിയിട്ടത്. ഇവർ താജ്‌മഹലിനുള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ ഇവരെ വഴിയിൽ വെച്ച് തന്നെ തടയുകയായിരുന്നു.
താജ്‌മഹലിലേക്കുള്ള പ്രവേശനം നിഷേധിച്ച പോലീസ്, ഈ പ്രവർത്തകരെ പിന്നീട് തൊട്ടടുത്തുള്ള രാജേശ്വർ ക്ഷേത്രത്തിലേക്ക് മാറ്റുകയും, അവിടെവെച്ച് അവർ ജലാഭിഷേകം നടത്തുകയും ചെയ്തു. താജ്‌മഹൽ ഒരു ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് വിവിധ ഹിന്ദുത്വ സംഘടനകൾ ഇതിനുമുമ്പും ഈ മുഗൾ സ്മാരകത്തിൽ കടന്നുകയറി പൂജകൾ നടത്താൻ സമാനമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.