‘നൂറുശതമാനം പരിശുദ്ധമല്ല!’; ഡാബർ ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ച് കേന്ദ്രം | Dabur Products Ban
ന്യൂഡൽഹി: രാജ്യത്തെ മുൻനിര നിത്യോപയോഗ ഉൽപന്ന ഭീമന്മാരായ ‘ഡാബർ ഇന്ത്യ ലിമിറ്റഡി’നെതിരെ കടുത്ത നടപടിയുമായി കേന്ദ്രം(Dabur Products Ban). ഉൽപന്നങ്ങളിൽ ‘100 ശതമാനം’ പരിശുദ്ധി അവകാശപ്പെടുന്ന പരസ്യങ്ങൾക്കും ലേബലുകൾക്കും വിലക്കേർപ്പെടുത്തിയാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ(എഫ്എസ്എസ്എഐ) നടപടി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതുമായ അവകാശവാദങ്ങൾ ഉൽപന്നങ്ങളുടെ പാക്കറ്റുകളിലും വെബ്സൈറ്റുകളിലും നൽകുന്നത് ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡാബർ ഉൽപന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
തേൻ, നെയ്യ്, വെളിച്ചെണ്ണ തുടങ്ങി ദൈനംദിന ജീവിതത്തിൽ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ഉൽപന്നങ്ങൾക്കാണ് വിലക്ക് ബാധകമായിരിക്കുന്നത്. ഡാബർ ഉൽപന്നങ്ങളുടെ പരസ്യങ്ങൾ ‘ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (അഡ്വർടൈസിങ് ആൻഡ് ക്ലെയിംസ്) റെഗുലേഷൻസ്, 2018’ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് പരിശോധനയിൽ വ്യക്തമായതായി എഫ്.എസ്.എസ്.എ.ഐ അറിയിച്ചു.
എന്തുകൊണ്ട് വിലക്ക്? | Dabur Products Ban
ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ ‘100% പ്രകൃതിദത്തം’, ‘100% പരിശുദ്ധം’, ‘100% പരിശുദ്ധി ഉറപ്പ്’, ‘100% ഓർഗാനിക്’, ‘100% കരിക്കിൻ വെള്ളം’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് വ്യക്തതയില്ലാത്തതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നു. വ്യവസായികാടിസ്ഥാനത്തിൽ സംസ്കരിക്കപ്പെടുകയോ പാക്ക് ചെയ്യപ്പെടുകയോ ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ യാതൊരുവിധ അന്യവസ്തുക്കളോ പ്രോസസിങ് ഘടകങ്ങളോ ഇല്ലെന്ന് ‘100% പരിശുദ്ധി’ എന്ന വാക്ക് കൊണ്ട് സ്ഥാപിച്ചെടുക്കാൻ കഴിയില്ല. ഇത്തരത്തിലുള്ള വാചകങ്ങൾ ശാസ്ത്രീയമായി നിർണയിക്കാനോ സാക്ഷ്യപ്പെടുത്താനോ കഴിയില്ലെന്നിരിക്കെ, ഉപഭോക്താക്കളിൽ തെറ്റിദ്ധാരണ പരത്തി ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും മറ്റ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഇത്തരത്തിൽ അനാവശ്യമായ അവകാശവാദങ്ങൾ ഉൽപന്നങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് എഫ്.എസ്.എസ്.എ.ഐ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
വിലക്ക് നേരിട്ട പ്രമുഖ ഡാബർ ഉൽപന്നങ്ങൾ | Dabur Products Ban
എഫ്.എസ്.എസ്.എ.ഐയുടെ വിലക്ക് ഉത്തരവ് ബാധിക്കുന്ന പ്രധാന ഡാബർ ഉൽപന്നങ്ങളുടെ പട്ടിക താഴെ നൽകുന്നു:
ഡാബർ ഓർഗാനിക് ഹണി: തേൻ ഉൽപന്നങ്ങളിൽ തങ്ങളുടെ പരിശുദ്ധി 100 ശതമാനമാണെന്ന പ്രചാരണം നിർത്തിവയ്ക്കാൻ നിർദേശം.
ഡാബർ പശുവിൻ നെയ്യ്: പരിശുദ്ധവും പ്രകൃതിദത്തവുമാണെന്നതു സംബന്ധിച്ച തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ നീക്കം ചെയ്യണം.
ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനെഗർ: ഓർഗാനിക് അവകാശവാദങ്ങൾക്കും അംഗീകാരമില്ലാത്ത ലോഗോ ഉപയോഗത്തിനും വിലക്ക്.
ഡാബർ ഹോംമേഡ് തേങ്ങാപ്പാൽ: ‘100% പരിശുദ്ധി’ വാഗ്ദാനം ചെയ്ത് വിപണിയിലിറക്കിയ കോക്കനട്ട് മിൽക്കിന് കാരണം കാണിക്കൽ നോട്ടീസ്.
വെർജിൻ വെളിച്ചെണ്ണ: വ്യാജമായ സുതാര്യത അവകാശവാദങ്ങൾക്കെതിരെ നടപടി.
എള്ളെണ്ണ: ഉൽപന്ന പാക്കറ്റുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പദപ്രയോഗങ്ങൾക്ക് തടസ്സം.
കരിക്കിൻ വെള്ളം: പാക്ക് ചെയ്ത കരിക്കിൻ വെള്ളം 100 ശതമാനം തനത് പ്രകൃതിദത്തമാണെന്ന വാദം പിൻവലിക്കണം.
‘ജൈവിക് ഭാരത്’ ലോഗോയുടെ വിനിയോഗവും ക്രമക്കേടും | Dabur Products Ban
ഡാബറിനെതിരെയുള്ള അന്വേഷണത്തിൽ മറ്റൊരു ഗുരുതര നിയമലംഘനവും എഫ്.എസ്.എസ്.എ.ഐ കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ജനപ്രിയ ഉൽപന്നങ്ങളായ ‘ഡാബർ ഹിമാലയൻ ഓർഗാനിക് ആപ്പിൾ സൈഡർ വിനെഗർ’, ‘ഡാബർ ഓർഗാനിക് ഹണി’ എന്നിവയുടെ പാക്കറ്റുകളിൽ ‘ജൈവിക് ഭാരത്’ ലോഗോ നൽകിയിരുന്നത് യാതൊരുവിധ സാധുവായ എഫ്.എസ്.എസ്.എ.ഐ ഓർഗാനിക് എൻഡോഴ്സ്മെന്റും ഇല്ലാതെയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ജൈവ ഉൽപന്നങ്ങൾക്ക് കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുന്ന ഔദ്യോഗിക ലോഗോയാണ് ‘ജൈവിക് ഭാരത്’. കൃത്യമായ പരിശോധനകൾക്കും സർട്ടിഫിക്കേഷനുകൾക്കും ശേഷം മാത്രമേ ഏതൊരു കമ്പനിക്കും തങ്ങളുടെ ഉൽപന്നത്തിൽ ഈ ചിഹ്നം പതിക്കാൻ അനുമതിയുള്ളൂ. ആവശ്യമായ രേഖകളും അനുമതികളുമില്ലാതെ ഈ ലോഗോ ഉപയോഗിച്ചത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.
കമ്പനിയുടെ പ്രതികരണം | Dabur Products Ban
എഫ്.എസ്.എസ്.എ.ഐ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡാബർ ഇന്ത്യ രംഗത്തെത്തി. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിരോധന ഉത്തരവും നിർദേശങ്ങളും അടങ്ങിയ നോട്ടീസ് തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഡാബർ ഇന്ത്യ സ്ഥിരീകരിച്ചു.
ഔദ്യോഗിക വെബ്സൈറ്റിലും ഉൽപന്നങ്ങളുടെ ലേബലുകളിലും നോട്ടീസിൽ പരാമർശിച്ചിട്ടുള്ള വിവിരങ്ങളും ഉള്ളടക്കങ്ങളും പുനഃപരിശോധിച്ചു വരികയാണെന്നും എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ വരുത്താൻ നടപടികൾ സ്വീകരിക്കുമെന്നും ഡാബർ വക്താവ് അറിയിച്ചു.
മുൻകൂർ മുന്നറിയിപ്പുകൾ അവഗണിച്ചു; കടുപ്പിച്ച് എഫ്.എസ്.എസ്.എ.ഐ | Dabur Products Ban
പെട്ടെന്നുണ്ടായ തീരുമാനമല്ല ഇതെന്നും, മുമ്പും ഡാബറിന് സമാന വിഷയങ്ങളിൽ താക്കീതും നോട്ടീസും നൽകിയിരുന്നതായും എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നു. ‘100%’ അവകാശവാദങ്ങൾ അടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും കമ്പനിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, നിർദിഷ്ട സമയത്തിനുള്ളിൽ തൃപ്തികരമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഡാബർ തയാറാകാത്തതിനെ തുടർന്നാണ് നിലവിൽ വിൽപനയും പരസ്യവും വിലക്കിക്കൊണ്ടുള്ള പ്രോഹിബിഷൻ ഓർഡർ അതോറിറ്റി പുറപ്പെടുവിച്ചത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വൻകിട കമ്പനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എഫ്.എസ്.എസ്.എ.ഐ വലിയ ബോധവൽക്കരണവും പരിശോധനകളും നടത്തിവരുന്നുണ്ട്. ഓൺലൈൻ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി വിറ്റഴിക്കുന്ന ഉൽപന്നങ്ങളുടെ ലേബലുകളും വിശദാംശങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
മുൻനിര ബ്രാൻഡുകൾക്കെതിരെയും നടപടി | Dabur Products Ban
ഡാബറിന് പുറമെ മറ്റ് പ്രമുഖ കമ്പനികൾക്കെതിരെയും ഭക്ഷ്യസുരക്ഷാ അതോറിറ്റി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൃത്രിമ സുഗന്ധദ്രവ്യങ്ങളും രുചിക്കൂട്ടുകളും ചേർത്ത് ഉൽപ്പന്നങ്ങൾ നിർമിച്ച് ജനങ്ങളെ വഞ്ചിച്ചതിന് പ്രമുഖ മദ്യനിർമാതാക്കളായ ഡിയാജിയോ ഇന്ത്യയുടെ മധ്യപ്രദേശിലെ അന്റിക്വിറ്റി ബ്ലൂ വിസ്കി, റോയൽ ചലഞ്ച് വിസ്കി, മഹാരാഷ്ട്രയിലെ മക്ഡൊവൽസ് നമ്പർ 1 റം എന്നിവയുടെ വിൽപനയും എഫ്.എസ്.എസ്.എ.ഐ തടഞ്ഞിട്ടുണ്ട്.
ഇതിന് പുറമെ എനർജി ഡ്രിങ്ക് നിർമാതാക്കളായ റെഡ് ബുൾ, പെപ്സികോ ഇന്ത്യ എന്നിവയ്ക്കും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകളുടെ പേരിൽ നോട്ടീസ് അയച്ചിരുന്നു. കുടിവെള്ളത്തിൽ അന്യവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ത്രിപുര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാത്രി ഡ്രിങ്കിങ് വാട്ടറിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും, സാംപിളുകളിലെ വിറ്റാമിൻ സി അളവ് അനുവദനീയമായ പരിധിയെക്കാൾ കൂടുതലായതിനെ തുടർന്ന് പഞ്ചാബിലെ നോബിൾ ഹെൽത്ത്കെയറിന് വിപണന നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കൾക്കുള്ള സന്ദേശം? | Dabur Products Ban
ഇന്ത്യൻ ഭക്ഷ്യവിപണിയിൽ ഉൽപന്നങ്ങളുടെ പരിശുദ്ധിയെക്കുറിച്ചുള്ള കമ്പനികളുടെ പൊള്ളയായ വാഗ്ദാനങ്ങൾ അവസാനിക്കണമെന്ന ഉറച്ച സന്ദേശമാണ് എഫ്.എസ്.എസ്.എ.ഐയുടെ ഈ നടപടി നൽകുന്നത്. ‘100% ഓർഗാനിക്’ അല്ലെങ്കിൽ ‘100% പ്രകൃതിദത്തം’ എന്ന് വ്യാജമായി അവകാശപ്പെട്ട് ഉൽപന്നങ്ങൾക്ക് ഉയർന്ന വില ഈടാക്കുന്ന രീതി തടയാൻ ഇത് സഹായിക്കും.
ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ കേവലം ആകർഷകമായ പരസ്യവാചകങ്ങൾ മാത്രം കണ്ട് വഞ്ചിക്കപ്പെടാതെ, ഉൽപന്നങ്ങളുടെ ചേരുവകളും എഫ്.എസ്.എസ്.എ.ഐ ലൈസൻസ് വിവരങ്ങളും ജൈവിക് ഭാരത് പോലുള്ള സർട്ടിഫിക്കേഷനുകളുടെ സാധുതയും പരിശോധിക്കാൻ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.