06/08/2026
[fontresizer_tawhidurrahmandear_widget]

ഫുട്‌ബോള്‍ ലോകത്തെ നടുക്കി ദാരുണ കൊലപാതകം; ഉഗാണ്ടൻ ദേശീയ താരം ഡേവിഡ് ഒവോറിയെ കവർച്ചക്കാർ തല്ലിക്കൊന്നു | Uganda football star David Owori murder

 ഫുട്‌ബോള്‍ ലോകത്തെ നടുക്കി ദാരുണ കൊലപാതകം; ഉഗാണ്ടൻ ദേശീയ താരം ഡേവിഡ് ഒവോറിയെ കവർച്ചക്കാർ തല്ലിക്കൊന്നു | Uganda football star David Owori murder

കാമ്പാല: ഫുട്‌ബോൾ ലോകത്തെയും ഉഗാണ്ടൻ കായിക രംഗത്തെയും ഒരുപോലെ ഞെട്ടിച്ച് ഉഗാണ്ടൻ ദേശീയ ഫുട്‌ബോൾ താരത്തിന്റെ ക്രൂര കൊലപാതം(Uganda football star David Owori murder). ദേശീയ ടീം താരവും രാജ്യത്തെ പ്രമുഖ ക്ലബ്ബായ എസ്സി വില്ലയുടെ ക്യാപ്റ്റനുമായ ഡേവിഡ് ഒവോറിയാണ്(27) ദാരുണമായി കൊല്ലപ്പെട്ടത്. തലസ്ഥാനമായ കാമ്പാലയിലെ മകയിൻഡ്യ പ്രാന്തപ്രദേശത്ത് വെച്ച് അജ്ഞാതരായ കവർച്ചാസംഘത്തിന്റെ ആക്രമണത്തിലാണു താരത്തിന്റെ ദാരുണാന്ത്യം.

കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപത്തുവെച്ച് മൊബൈൽ ഫോണും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവരാനുള്ള ശ്രമം തടഞ്ഞ ഒവോറിയെ കവർച്ചക്കാർ കോൺക്രീറ്റ് കട്ടകൾ കൊണ്ട് താരത്തെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് റോഡിൽ ബോധരഹിതനായി കിടന്ന ഒവോറിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഉഗാണ്ടൻ റഗ്ബി ദേശീയ താരം സിഡ്‌നി ഗോംഗോദ്യോ കാമ്പാലയിൽ വെച്ച് ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറുംമുമ്പാണ് രാജ്യത്തെ പ്രമുഖ ഫുട്‌ബോൾ താരവും ദാരുണമായി വധിക്കപ്പെടുന്നത്.

അർധരാത്രിയിൽ അരങ്ങേറിയ അരുംകൊല | Uganda football star David Owori murder

ചൊവ്വാഴ്ച രാത്രി പരിശീലനം കഴിഞ്ഞ് മകയിൻഡ്യയിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഡേവിഡ് ഒവോറി. വീടിന് തൊട്ടടുത്തെത്താറായപ്പോൾ അജ്ഞാതരായ ഒരു സംഘം കവർച്ചക്കാർ ഒവോറിയെ വളഞ്ഞു. താരത്തിന്റെ കൈവശമുണ്ടായിരുന്ന സ്മാർട്ട്ഫോണും പണവും കവർച്ച ചെയ്യാൻ അക്രമികൾ ശ്രമിച്ചു. എന്നാൽ, ഒവോറി ഇതിനെ ശക്തമായി എതിർത്തു.

മോഷണശ്രമം തടഞ്ഞതോടെ പ്രകോപിതരായ അക്രമികൾ തെരുവിൽ കിടന്നിരുന്ന കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് ഒവോറിയുടെ തലയ്ക്കും ശരീരത്തിനും ക്രൂരമായി അടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റ താരം ചോരയിൽ കുളിച്ച് റോഡിൽ ബോധരഹിതനായി വീണു. ഈ സമയം അക്രമികൾ അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങളുമായി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

സമീപവാസികളും വഴിയാത്രക്കാരും ചേർന്ന് അർധരാത്രിയോടെയാണ് ബോധരഹിതനായ ഒവോറിയെ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കാമ്പാല മെട്രോപൊളിറ്റൻ പോലീസ് വക്താവ് റെയ്ച്ചൽ കവാലയും ഡെപ്യൂട്ടി വക്താവ് ലൂക്ക് ഒവോയെസിഗ്യരെയും സംഭവം സ്ഥിരീകരിച്ചു. അക്രമികളെ കണ്ടെത്താൻ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി.

‘തന്റെ വീടിന് തൊട്ടുവെച്ചാണ് താരം ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഒവോറിയെ ഉടൻ തന്നെ സമീപത്തെ മെഡിക്കൽ ക്ലിനിക്കിലും തുടർന്ന് കേസ് ക്ലിനിക്കിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.’-എസ്സി വില്ല വക്താവ് ആസാൻ കാസിംഗ്യ പ്രതികരിച്ചു.

മൈതാനത്തെ നായകനിൽനിന്ന് ആഫ്രിക്കൻ ഫുട്‌ബോളിന്റെ പ്രതീക്ഷയിലേക്ക് | Uganda football star David Owori murder

27-ാം വയസ്സിൽ ദാരുണമായി കൊല്ലപ്പെട്ട ഡേവിഡ് ഒവോറി ഉഗാണ്ടൻ ഫുട്‌ബോളിലെ ഏറ്റവും പ്രഗത്ഭരായ പ്രതിരോധ നിര താരങ്ങളിൽ ഒരാളായിരുന്നു. റൈറ്റ് ബാക്കായും മിഡ്ഫീൽഡറായും ഒരുപോലെ ശോഭിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

2016ൽ വൈപ്പേഴ്സ് എസ്സിയിലൂടെയാണു സീനിയർ കരിയറിന്റെ തുടക്കം. 2018ൽ എസ്സി വില്ലയിൽ അരങ്ങേറി. 2018-2021 സീസണിലെ മികച്ച പ്രകടനത്തോടെയാണു താരം ദേശീയശ്രദ്ധ നേടുന്നത്. 2021ൽ ഉഗാണ്ടൻ ദേശീയ ടീമിലും അരങ്ങേറ്റം കുറിച്ചു. ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് യോഗ്യതാ മത്സരങ്ങളിലൂടെയായിരുന്നു ദേശീയ കുപ്പായത്തിൽ കന്നിയങ്കം കുറിച്ചത്.

ഉഗാണ്ടൻ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷം യൂറോപ്പിലേക്ക് ചേക്കേറിയ ഒവോറി സ്പാനിഷ് ക്ലബ്ബായ അത്ലറ്റികോ വെ ലെസിലും സ്വീഡിഷ് ക്ലബ്ബായ ഉത്സിക്ടെൻസ് ബികെയിലും മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഈ രാജ്യാന്തര പരിചയസമ്പത്താണ് അദ്ദേഹത്തെ കൂടുതൽ പരിചയസമ്പന്നനായ കളിക്കാരനാക്കിയത്.

2023-ൽ എസ്സി വില്ലയിൽ തിരിച്ചെത്തിയ ഒവോറി താമസിയാതെ ക്ലബ്ബിന്റെ നായകസ്ഥാനം ഏറ്റെടുത്തു. 2024-ൽ, നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് ശേഷം എസ്സി വില്ലയെ ഉഗാണ്ട പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ ഒവോറിയുടെ നേതൃത്വം നിർണായകമായിരുന്നു. ക്ലബ്ബിന്റെ ചരിത്രത്തിലെ 17-ാം ലീഗ് കിരീടമായിരുന്നു അത്. 20 വർഷത്തിന് ശേഷമാണ് ടീമിനു വേണ്ടി താരം ലീഗ് കിരീടം നേടിക്കൊടുത്തത്.

‘ഉഗാണ്ട ക്രെയ്ൻസ്’ എന്ന് വിളിക്കപ്പെടുന്ന ദേശീയ ടീമിനായി 2021 ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തു. വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളിലും ദേശീയ ടീമിന്റെ പ്രധാന ചുമതലകൾ വഹിക്കേണ്ട താരമായിരുന്നു അദ്ദേഹം.

കടുത്ത നടപടി ആവശ്യപ്പെട്ട് കായികലോകം | Uganda football star David Owori murder

ഡേവിഡ് ഒവോറിയുടെ വിയോഗത്തിൽ ഉഗാണ്ടൻ ഫുട്‌ബോൾ അസോസിയേഷനും എസ്സി വില്ല ക്ലബ്ബും ഉഗാണ്ട പാർലമെന്റും ആഴത്തിലുള്ള ദുഃഖവും രോഷവും രേഖപ്പെടുത്തി.

‘ഞങ്ങളുടെ ക്യാപ്റ്റൻ ഡേവിഡ് ഒവോറിയുടെ വേർപാടിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഒരു കളിക്കാരൻ എന്നതിലുപരി ഞങ്ങളുടെ നായകനും സഹോദരനുമായിരുന്നു അവൻ. ക്രൂരമായ ഈ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഭരണകൂടവും സുരക്ഷാ ഏജൻസികളും അടിയന്തരമായി ഇടപെടണം.’-എസ്സി വില്ല പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

‘ഡേവിഡ് കേവലം ഒരു ഫുട്‌ബോൾ താരം മാത്രമായിരുന്നില്ല. ഒരു തലമുറയ്ക്ക് തന്നെ പ്രചോദനമായ നായകനായിരുന്നു അദ്ദേഹം. എസ്സി വില്ലയുടെ ക്യാപ്റ്റൻ എന്ന നിലയിൽ ധൈര്യത്തോടും ലാളിത്യത്തോടും ആവേശത്തോടും കൂടിയാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഉഗാണ്ട ക്രെയ്ൻസിന്റെ ജഴ്‌സിയണിഞ്ഞപ്പോൾ അദ്ദേഹം രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളുമാണ് പേറിയത്.’-ഉഗാണ്ടൻ ഫുട്‌ബോൾ അസോസിയേഷൻ അനുശോചിച്ചു.

ഉഗാണ്ട പാർലമെന്റിലും ഒവോറിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബുധനാഴ്ച ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ ജനപ്രതിനിധികൾ ഒരു മിനിറ്റ് മൗനമാചരിച്ചു. രാജ്യത്തെ വർധിച്ചുവരുന്ന ക്രമസമാധാന തകർച്ചയും സുരക്ഷാ വെല്ലുവിളികളും അടിയന്തരമായി പരിഹരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ തോമസ് തായെബ്വ ആവശ്യപ്പെട്ടു.

ആവർത്തിക്കുന്ന കായിക ദുരന്തങ്ങൾ | Uganda football star David Owori murder

ഡേവിഡ് ഒവോറിയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്നതാണ് ഉഗാണ്ടയിലെ ജനങ്ങളെയും കായിക പ്രേമികളെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ജൂൺ മാസത്തിൽ ഉഗാണ്ടൻ ദേശീയ റഗ്ബി താരം സിഡ്‌നി ഗോംഗോദ്യോ സമാനമായ രീതിയിൽ കാമ്പാലയിൽ കൊല്ലപ്പെട്ടിരുന്നു.

മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ഒരു ആൾക്കൂട്ടം ഗോംഗോദ്യോയെ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് പോലീസ് അന്ന് വ്യക്തമാക്കിയത്. തുടർച്ചയായി രണ്ട് പ്രമുഖ കായികതാരങ്ങൾ തെരുവ് അക്രമങ്ങളിലും കവർച്ചാ ശ്രമങ്ങളിലും കൊല്ലപ്പെട്ടത് കാമ്പാലയിലെ ക്രമസമാധാന നില പൂർണമായി തകർന്നതിന്റെ തെളിവാണെന്ന് ആരോപിക്കപ്പെടുന്നു.

രാജ്യത്തിന്റെ അഭിമാനങ്ങളായ കായികതാരങ്ങൾക്ക് പോലും തെരുവുകളിൽ സുരക്ഷയില്ലെങ്കിൽ സാധാരണക്കാരായ പൗരന്മാരുടെ അവസ്ഥ എന്താണെന്ന ചോദ്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഭരണകൂട തലങ്ങളിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കാമ്പാലയിൽ സമീപകാലത്തായി തെരുവ് കുറ്റകൃത്യങ്ങളും കവർച്ചകളും വൻതോതിൽ വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രയാസങ്ങളും തൊഴിലില്ലായ്മയും ക്രിമിനൽ സംഘങ്ങളുടെ വർധനയുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഉഗാണ്ട നാഷണൽ കൗൺസിൽ ഓഫ് സ്‌പോർട്‌സ് സംഭവത്തിൽ പ്രതികരിക്കവെ, കായികലോകത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ദൂരന്തങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയെത്തന്നെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി. കായികതാരങ്ങൾക്കും സാധാരണക്കാർക്കും ഭയരഹിതമായി ജീവിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ അടിയന്തരവും ശാശ്വതവുമായ പരിഹാരം വേണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.

Also read: