‘യുവേഫ തലപ്പത്തിരിക്കെ ഇൻഫാന്റിനോയ്ക്ക് ജീവനക്കാരിയുമായി അവിഹിതബന്ധം; കോടികൾ നഷ്ടപരിഹാരം നൽകി ഒതുക്കി’ | Gianni Infantino ‘lover’ UEFA row
ലണ്ടൻ/സൂറിച്ച്: ഫിഫാ തലവൻ ജിയാന്നി ഇൻഫാന്റിനോയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ബ്രിട്ടീഷ് ദിനപത്രമായ ‘ദി ടെലഗ്രാഫ്’ പുറത്തുവിട്ട റിപ്പോർട്ട് കായിക ലോകത്ത് വൻ കോളിളക്കം സൃഷ്ടിക്കുകയാണ്(Gianni Infantino ‘lover’ UEFA row). ഇൻഫാന്റിനോ യൂറോപ്യൻ ഫുട്‌ബോൾ ഭരണസമിതിയായ യുവേഫയുടെ ജനറൽ സെക്രട്ടറിയായിരിക്കെ, അവിഹിതബന്ധമുണ്ടായിരുന്ന വനിതാ ജീവനക്കാരിക്ക് വഴിവിട്ട പ്രൊമോഷനുകളും ഉയർന്ന ശമ്പളവും നൽകിയെന്നും, സംഘടനയിൽനിന്ന് രാജിവച്ചപ്പോൾ ലക്ഷക്കണക്കിന് പൗണ്ട് ‘നഷ്ടപരിഹാര പാക്കേജ്’ ആയി നൽകിയെന്നുമാണ് റിപ്പോർട്ട്.
ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫാന്റിനോയുടെ നീക്കം പാളിയതിനു പിന്നാലെയാണു തിരിച്ചടിയായി വൻ വെളിപ്പെടുത്തൽ. ഫിഫ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇൻഫാന്റിനോ രാജിവയ്ണമെന്ന ആവശ്യം നേരത്തെ തന്നെ ഫുട്‌ബോൾ ലോകത്തുനിന്ന് ഉയരുന്നുണ്ട്. പുതിയ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ അദ്ദേഹം പൂർണമായും പ്രതിരോധത്തിലായിരിക്കുകയാണ്.
‘അവിഹിത’ പ്രൊമോഷനും വമ്പൻ ശമ്പളവും | Gianni Infantino ‘lover’ UEFA row
2009 മുതൽ 2016 വരെ ഇൻഫാന്റിനോ യുവേഫയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച കാലയളവിലാണു വിവാദമായ സംഭവങ്ങൾ നടന്നതെന്ന് ടെലഗ്രാഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുവേഫയിൽ ഒരു ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച യുവതിക്ക്, ഇൻഫാന്റിനോയുമായുള്ള അവിഹിതബന്ധത്തിന് പിന്നാലെ വളരെ പെട്ടെന്ന് മാനേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി.
പ്രൊമോഷന് പിന്നാലെ പ്രതിവർഷം ഏകദേശം 1,60,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 1.5 കോടിയോളം രൂപ) ശമ്പളമായി ഈ യുവതിക്ക് നൽകിയിരുന്നു. അന്നത്തെ യുവേഫ പ്രസിഡന്റായിരുന്ന മിഷേൽ പ്ലാറ്റിനി ഈ അവിഹിതബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെയാണു കാര്യങ്ങൾ തകിടം മറിഞ്ഞത്. സംഭവത്തിൽ പ്ലാറ്റിനി ഇൻഫാന്റിനോയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകി. ഒന്നുകിൽ ഇൻഫാന്റിനോയോ അല്ലെങ്കിൽ യുവതിയോ പുറത്തുപോകേണ്ടിവരുമെന്നു വ്യക്തമാക്കി. ഇതിനു പിന്നാലെയാണു യുവതി യുവേഫയിലെ ജോലി രാജിവയ്ക്കുന്നത്.
ലക്ഷങ്ങളുടെ നഷ്ടപരിഹാര പാക്കേജും പഠനച്ചെലവും | Gianni Infantino ‘lover’ UEFA row
യുവതി യുവേഫയിൽനിന്ന് പുറത്തുപോയപ്പോൾ നൽകിയ നഷ്ടപരിഹാര പാക്കേജാണ് കേസിലെ ഏറ്റവും വലിയ അഴിമതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഞെട്ടിക്കുന്ന ആനുകൂല്യങ്ങളാണ് യുവേഫ യുവതിക്കു നൽകിയത്. ആറക്ക സംഖ്യയുള്ള വൻ തുക സെവറൻസ് പാക്കേജായി നൽകി. ഇതിനു പുറമെ രാജ്യത്തെ ഒരു ബിസിനസ് സ്‌കൂളിൽ എംബിഎ പഠനത്തിനായി പ്രതിവർഷം 45,000 പൗണ്ട് അനുവദിച്ചതായും ടെലഗ്രാഫ് റിപ്പോർട്ടിൽ പറയുന്നു. ഫുട്‌ബോളിന്റെ ഗ്രാസ്‌റൂട്ട് വികസനത്തിന് ഉപയോഗിക്കേണ്ട തുകയാണു വകമാറ്റി യുവതിക്കു നഷ്ടപരിഹാരമായി നൽകിയതെന്നാണ് ആരോപണം ഉയരുന്നത്.
സാധാരണ ജീവനക്കാർക്ക് നൽകാത്ത ആനുകൂല്യങ്ങളാണ് നിയമങ്ങൾ കാറ്റിൽപറത്തി വിവാദ യുവതിക്ക് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫുട്‌ബോൾ വികസനത്തിന് ഉപയോഗിക്കേണ്ട പണമാണ് ഇതിനായി വകമാറ്റിയതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.
യുവേഫയുടെ സ്ഥിരീകരണവും ഫിഫയുടെ നിഷേധവും | Gianni Infantino ‘lover’ UEFA row
ടെലഗ്രാഫ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ യുവേഫ പണം കൈമാറിയ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ജീവനക്കാരി കമ്പനി വിട്ടുപോയപ്പോൾ ഒരു സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നത് സത്യമാണെന്ന് യുവേഫ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. അന്നത്തെ നിയമങ്ങൾക്ക് അനുസൃതമായാണ് തുക നൽകിയതും എംബിഎ പഠനച്ചെലവുകൾ വഹിച്ചതും. എന്നാൽ, നിലവിൽ ഇത്തരം നിയമങ്ങൾ ഞങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടെന്നും ഫുട്‌ബോൾ അസോസിയേഷൻ വിശദീകരിച്ചു.

എന്നാൽ, ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് ഫിഫ വക്താവ് രംഗത്തെത്തി. ഇൻഫാന്റിനോയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു:
”ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോ ഈ ആരോപണങ്ങളെ പൂർണമായും നിഷേധിക്കുന്നു. തീർത്തും അസത്യവും അടിസ്ഥാനരഹിതവുമാണ് ഈ വിവരങ്ങളെല്ലാം. നിയമവിരുദ്ധമായോ ചട്ടവിരുദ്ധമായോ എന്തെങ്കിലും നടന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ അപകീർത്തികരമാണ്. യുവേഫയിലോ ഫിഫയിലോ ഉള്ള ഒരു ജീവനക്കാരനും ഇൻഫാന്റിനോയുടെ പെരുമാറ്റത്തിനെതിരെ പരാതി നൽകിയിട്ടില്ല.”-ഫിഫ വക്താവ് പ്രതികരിച്ചു.
രാജിസമ്മർദം ശക്തം | Gianni Infantino ‘lover’ UEFA row
56-കാരനായ ജിയാന്നി ഇൻഫാന്റിനോയ്ക്ക് മേൽ ഫിഫ പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്ന സമ്മർദം ദിനംപ്രതി വർധിച്ചുവരികയാണ്. ലോകകപ്പ് നടത്തിപ്പു മുതൽ നിരവധി പ്രശ്‌നങ്ങൾ നേരത്തെ തന്നെ ഇൻഫാന്റിനോ നേരിടുന്നുണ്ട്. ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് ഇതിൽ പ്രധാനം. കായിക മാമാങ്കത്തിന്റെ വാണിജ്യ അവകാശങ്ങൾ വിൽക്കാനുള്ള നീക്കത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതേതുടർന്നു നീക്കം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു അസോസിയേഷൻ.
യൂറോപ്യൻ ഉപരോധ ഭീഷണിയും ഇതിനു പിന്നാലെയുണ്ടായി. ഇംഗ്ലണ്ട്, ജർമനി ഫെഡറേഷനുകൾ ഫിഫ ടൂർണമെന്റുകൾ ബഹിഷ്‌ക്കരിക്കുമെന്ന് വ്യക്തമാക്കി ആദ്യം തന്നെ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് യുവേഫ അംഗരാജ്യങ്ങളും ഇതേ നിലപാടിനെ പിന്തുണച്ചു രംഗത്തെത്തിയത്. ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ഭരണസമിതിയായ കോൺമെബോളും ആഫ്രിക്കൻ ഫുട്‌ബോൾ കോൺഫെഡറേഷനും ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, യൂറോപ്യൻ രാജ്യങ്ങൾ ഇദ്ദേഹത്തിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. യുവേഫയിലെ അവിഹിത ഇടപാടുകളും സാമ്പത്തിക തിരിമറിയും കൂടിയായതോടെ ഇൻഫാന്റിനോയ്ക്കു മുന്നിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്.
സെപ്പ് ബ്ലാറ്ററുടെ അഴിമതി കഥകൾക്ക് ശേഷം 2016-ൽ ഫിഫയെ ശുദ്ധീകരിക്കുമെന്ന വാഗ്ദാനത്തോടെ അധികാരമേറ്റയാളാണ് ഇൻഫാന്റിനോ. ഇപ്പോൾ, അതേയാൾ തന്നെ സമാനമായ സാമ്പത്തിക-ധാർമിക ആരോപണങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. 2000ത്തിന്റെ തുടക്കത്തിൽ യുവേഫയിലെത്തുമ്പോൾ ഒരു അഭിഭാഷകൻ മാത്രമായിരുന്നു ഇൻഫാന്റിനോ. അത്ര പേരോ പ്രശസ്തിയോ ഇല്ലാതിരുന്നയാൾ. അസോസിയേഷൻ തലപ്പത്തെത്തിയ ശേഷം ആർക്കും എളുപ്പത്തിൽ സമീപിക്കാവുന്ന ഒരു വ്യക്തി കൂടിയായി അദ്ദേഹം ജനപ്രിയനായി. സാധാരണ ജീവനക്കാരുമായി പോലും അടുത്ത ബന്ധം പുലർത്തിയും അവരുടെ ആഘോഷങ്ങളിലും പരിപാടികളിലും സ്ഥിരം സാന്നിധ്യമായും അദ്ദേഹം വേറിട്ടുനിന്നു.
എന്നാൽ, യുവേഫയിലൂടെ കൈവന്ന സ്വാധീനവും ബന്ധവുമെല്ലാമായതോടെയാണ് ജിയാന്നി ഇൻഫാന്റിനോയുടെ നടപ്പും പെരുമാറ്റവുമെല്ലാം മാറുന്നത്. 2001ൽ ഫുട്‌ബോളിലൂടെ തന്നെയാണ് നിലവിലെ ഭാര്യ ലബനീസ് പൗരയായ ലീന അൽഅഷ്ഖറിനെ അദ്ദേഹം വിവാഹം കഴിക്കുന്നത്. ലബനീസ് ഫുട്‌ബോൾ അസോസിയേഷൻരെ ഇവന്റ് മാനേജറായി പ്രവർത്തിക്കുകയായിരുന്നു ആ സമയത്ത് ലീന.
കളിക്കളത്തിന് പുറത്തെ അഴിമതികൾ കൊണ്ട് വീണ്ടും നാണംകെടുകയാണ് ലോക ഫുട്‌ബോൾ ഭരണസമിതി. ടെലഗ്രാഫ് റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഇൻഫാന്റിനോയുടെ ഭാവി പ്രതിസന്ധിയിലായിരിക്കുകയാണ്. വരുംദിവസങ്ങളിൽ ഫിഫ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗം ചേർന്ന് വിഷയത്തിൽ കടുത്ത നടപടികളിലേക്കു കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.