04/09/2026
[fontresizer_tawhidurrahmandear_widget]

രാവിലെ കപ്പ ബിരിയാണി, ഉച്ചയ്ക്ക് വരാൽ കറി, വൈകിട്ട് കോഴിക്കറി; ദുരിതാശ്വാസ ക്യാംപ് ‘സന്തോഷ ക്യാംപ്’ ആക്കി നീണ്ടൂരുകാർ

 രാവിലെ കപ്പ ബിരിയാണി, ഉച്ചയ്ക്ക് വരാൽ കറി, വൈകിട്ട് കോഴിക്കറി; ദുരിതാശ്വാസ ക്യാംപ് ‘സന്തോഷ ക്യാംപ്’ ആക്കി നീണ്ടൂരുകാർ

നീണ്ടൂർ: വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവർക്ക് വിവിധയിനം നാടൻ വിഭവങ്ങളുമായി ആശ്വാസമേകുകയാണ് നീണ്ടൂർ സെൻ്റ് മൈക്കിൾസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപ്. രാവിലെ കപ്പ ബിരിയാണിയും കഞ്ഞിയും, ഉച്ചയ്ക്ക് സാമ്പാറും പയർ മെഴുക്കുപുരട്ടിയും ഉണക്കമീൻ വറുത്തുപൊടിച്ചതും, അത്താഴത്തിന് ചോറും വരാൽ കറിയുമെല്ലാം ഒരുക്കിയാണ് സംഘാടകർ ക്യാംപിനെ ‘സന്തോഷ ക്യാംപ്’ ആക്കി മാറ്റിയത്. ദുരിതബാധിതരെ ചേർത്തുപിടിച്ച് ഈ കാലഘട്ടം അവർക്ക് മധുരമുള്ള ഒരോർമയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

നീണ്ടൂർ സെന്റ് മൈക്കിൾസ് പള്ളി, പഞ്ചായത്ത്, നാട്ടുകൂട്ടായ്‌മ എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ക്യാംപ് പ്രവർത്തിക്കുന്നത്. 15-ാം വാർഡിലെ 12 കുടുംബങ്ങളിൽ നിന്നുള്ള 32 പേരാണ് നിലവിൽ ഇവിടെയുള്ളത്. പഞ്ചായത്ത് അംഗങ്ങളായ തോമസ് കോട്ടൂർ, തോമസ് ജോസഫ് എന്നിവർക്കാണ് ക്യാംപിന്റെ ചുമതല. റോമിലെ വത്തിക്കാൻ സ്‌ഥാനപതി ആർച്ച് ബിഷപ് മാർ കുര്യൻ വയലുങ്കൽ, പള്ളി വികാരി ഫാ. മാത്യു കന്നുവെട്ടിയിൽ എന്നിവരുടെ സന്ദർശനം ക്യാംപിന് കൂടുതൽ ആവേശമായി.

കാർഷിക ഗ്രാമമായ നീണ്ടൂരിൽ 60 ശതമാനവും പാടശേഖരങ്ങളാണ്. നിലവിൽ പഞ്ചായത്തിലെ 10, 13, 14, 15 വാർഡുകളിലും പുറം ബണ്ടുകളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപിന്റെ ഏകോപനം നടക്കുന്നത്.

Also read: