ഡച്ച് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിന് അടിതെറ്റി; ലിബറല്‍-പുരോഗമന പാര്‍ട്ടി ‘ഡി 66’ന് അട്ടിമറി വിജയം
ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്സില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ കക്ഷികള്‍ക്ക് കനത്ത തിരിച്ചടി. മധ്യപക്ഷ നിലപാടുള്ള പുരോഗമന പാര്‍ട്ടിയായ ‘ഡി66’ (ഡെമോക്രാറ്റ്‌സ് 66) അട്ടിമറി വിജയമാണ് നേടിയത്. ഡി66 നേതാവായ റോബ് ജെറ്റന്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകും. ഡച്ച് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും 38കാരനായ ജെറ്റന്‍.
വലതുപക്ഷ നേതാവും ഇസ്‌ലാം വരുദ്ധ പ്രചാരകനുമായ ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ നേതൃത്വത്തിലുള്ള ഫ്രീഡം പാര്‍ട്ടി അധികാരത്തിലെത്തുമെന്ന പ്രവചനങ്ങളെ കാറ്റില്‍പറത്തിയാണ് ലിബറല്‍-മധ്യ ഇടതു പാര്‍ട്ടിയായ ഡി66 വന്‍ വിജയം നേടിയത്. റോബ് ജെറ്റന്റെ വിജയത്തെ നെതര്‍ലന്‍ഡ്സിലെ രാഷ്ട്രീയത്തില്‍ ഒരു വഴിത്തിരിവായിട്ടാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. യുവത്വത്തിന്റെ ഊര്‍ജസ്വലതയും പുരോഗമനപരമായ നിലപാടുകളുമാണ് ജെറ്റന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍.
രാജ്യത്തെ സാമ്പത്തിക, കാലാവസ്ഥാ നയങ്ങളില്‍ സമൂലമായ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന ജെറ്റന്‍, യൂറോപ്യന്‍ യൂനിയനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ സമഗ്രമായ സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയേറ്റ വിഷയങ്ങളും, യൂറോപ്യന്‍ യൂനിയന്‍ ബന്ധങ്ങളും തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായിരുന്നെങ്കിലും, മധ്യപക്ഷത്തിന്റെ സ്ഥിരതയും സമഗ്രവുമായ സമീപനമാണ് വോട്ടര്‍മാര്‍ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ച യൂറോപ്പിലാകമാനം ഭീഷണിയായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, നെതര്‍ലന്‍ഡ്സിലെ ഈ വിജയം യൂറോപ്പിലെ മറ്റ് മധ്യപക്ഷ പാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യകക്ഷി ചര്‍ച്ചകള്‍ ജെറ്റന്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.