പിറന്നാൾ മധുരം മായും മുൻപേ ഷാന മടങ്ങി; വിടവാങ്ങിയത് ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ
ഓമശ്ശേരി: ക്യാൻസർ രോഗത്തോടുള്ള പോരാട്ടത്തിനൊടുവിൽ, പ്രിയപ്പെട്ടവർ നൽകിയ പിറന്നാൾ സർപ്രൈസ് ആഘോഷിച്ച് മണിക്കൂറുകൾക്കകം ഓമശ്ശേരി സ്വദേശിനി ഷാന (ഷാന പുത്തൂർ) വിട പറഞ്ഞു. ഓമശ്ശേരി പുത്തൂർ മുനീർ-സലീന ദമ്പതികളുടെ മകളാണ് ഷാന.
ക്യാൻസർ വാർഡിൽ രോഗവേദനകളോട് മല്ലിട്ട് മരണത്തെ മുഖാമുഖം കണ്ടു കഴിയുന്നതിനിടയിലാണ് ഷാനയെ തേടി ആ അപ്രതീക്ഷിത സന്തോഷമെത്തിയത്. പി.ടി.എച്ച് വളണ്ടിയർമാർ ചേർന്ന് വാർഡിൽ വെച്ച് ഷാനയ്ക്കായി സർപ്രൈസ് ജന്മദിനാഘോഷം ഒരുക്കുകയായിരുന്നു. വേദനകൾക്കിടയിലും തനിക്കായി നൽകിയ ആഘോഷത്തിൽ പങ്കെടുത്ത ഷാന, മരണം തൊട്ടടുത്തുണ്ടെന്ന തിരിച്ചറിവോടെ കണ്ണീരണിഞ്ഞാണ് കേക്ക് മുറിച്ചത്.
എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. പിറന്നാൾ ആഘോഷം കഴിഞ്ഞ് ഒരൊറ്റ രാത്രി മാത്രം പിന്നിട്ടപ്പോഴേക്കും അടുത്ത ദിവസം രാവിലെ ഷാന ലോകത്തോട് വിട പറഞ്ഞു. വേദനകൾക്കിടയിലും പ്രിയപ്പെട്ടവർ നൽകിയ ആ അവസാന യാത്രയയപ്പ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസ്സിൽ മായാത്ത കണ്ണീരോർമ്മയായി മാറി.